കോടികളുടെ നിക്ഷേപ തട്ടിപ്പ്: തമിഴ്നാട്ടിലെ ഓഫിസും സീൽ ചെയ്തു

കോഴിക്കോട്: ഉയർന്ന പലിശയും വൻ ലാഭവിഹിതവും വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ തമിഴ്നാട്ടിലെ ഓഫിസ് പൊലീസ് അടച്ചുപൂട്ടി. കോഴിക്കോട് കേന്ദ്രമായി മൈത്രി നിധി, കോസ് ടാക്‌സ് എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ച സ്ഥാപനത്തിന്റെ കൃഷ്ണഗിരിയിലെ ഓഫിസാണ് പ്രാദേശിക പൊലീസിന്റെ സഹകരണത്തോടെ മെഡിക്കൽ കോളജ് പൊലീസ് സീൽ ചെയ്തത്.

ൺപത് കോടിയോളം രൂപയുടെ തട്ടിപ്പ് സ്ഥാപനം നടത്തിയതായാണ് നിഗമനം. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ മാത്രം മുപ്പതിലേറെ പരാതികളാണ് ലഭിച്ചത്. ഇവിയിലെല്ലാം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റുചില പൊലീസ് സ്റ്റേഷനികളിലും സ്ഥാപനത്തിനെതിരെ പരാതിയുള്ളതായാണ് വിവരം. നഗരത്തിനുപുറമെ, ബാലുശ്ശേരി, നടുവണ്ണൂർ, കുറ്റ്യാടി മേഖലയിലുള്ളവരാണ് കൂടുതലായി തട്ടിപ്പിനിരയായത്.

കേസിൽ നേരത്തെ അറസ്റ്റിലായ കാരപ്പറമ്പ് സ്വദേശി ജമാലുദ്ദീന്‍, കക്കോടി സ്വദേശി റെയ്മന്‍ ജോസഫ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്തതോടെ, സംഘം ഷെയർമാർക്കറ്റിലടക്കമാണ് പണം നിക്ഷേപിച്ചത് എന്നാണ് ലഭ്യമായ വിവരം. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതി ജമാലുദ്ദീനെ കൃഷ്ണഗിരിയിലെ ഓഫിസിലെത്തിച്ച് തെളിവെടുത്തശേഷമാണ് ഓഫിസ് സീൽ ചെയ്തത്.

ഇവിടെ നിന്ന് പലരേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ കേഴിക്കോട് പൊറ്റമ്മൽ ഭാഗത്തെ ഓഫിസ് നേരത്തെ സീൽ ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും. അരീക്കോട് സ്വദേശി അന്‍വർ ഒളിവിലാണ്.

ഒന്നേകാൽ വർഷത്തേക്കാണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്. ലക്ഷത്തിന് മൂവായിരം രൂപ തോതിൽ മാസ പലിശയും പണം പിന്‍വലിക്കുമ്പോള്‍ പത്ത് ശതമാനം ലാഭവിഹിതവും നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഒരു ലക്ഷം നിക്ഷേപിക്കുന്നവർക്ക് 15 മാസംകൊണ്ട് 1.55 ലക്ഷം ലഭിക്കുമെന്നാണ് വിശ്വസിപ്പിച്ചത്. ആദ്യഘട്ടത്തിൽ മാസപലിശ കൃത്യമായി ലഭിച്ചതോടെ കൂടുതൽ പേർ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചു. പിന്നീട് പലിശ മുടങ്ങുകയും നിക്ഷേപ തുക തിരിച്ചുകിട്ടാതാവുകയും ചെയ്തതോടെയാണ് പലരും പൊലീസിൽ പരാതി നൽകിയത്.

ഡയറക്ടർമാരായ നാലുപേർക്കെതിരെയും അന്വേഷണം തുടരുകയാണ്. നിലവിൽ ഇവർ കേസിൽ പ്രതികളല്ല. ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    
News Summary - Investment fraud worth crores: Tamilnadu office also sealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.