തിരുവനന്തപുരം: മുസ്‍ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ നടത്തിയ പ്രസ്താവനയിൽ സി.പി.എം സെക്രട്ടറിയേറ്റിൽ വിമർശനം. പ്രസ്താവന അനവസരത്തിലാണെന്നും എൽ.ഡി.എഫ് കൺവീനർ എന്ന നിലയിൽ പ്രസ്താവനകൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നുമാണ് വിമർശനം.
മുസ്‍ലിം ലീഗിനെ കൊണ്ടുവന്ന് മുന്നണി വിപുലീകരിക്കേണ്ട ആവശ്യമില്ല. ചില വ്യക്തികളും ഗ്രൂപ്പുകളും ഇടത് മുന്നണിയുമായി സഹകരിക്കാൻ തയാറാകുന്നുണ്ട്. അങ്ങനെയുള്ളവരെ കൂട്ടിക്കൊണ്ടു വേണം മുന്നണി വിപുലീകരിക്കാൻ. അല്ലാതെ മുസ്‍ലിം ലീഗിനെ കൂട്ടിക്കൊണ്ടു വന്ന് വിപുലീകരിക്കേണ്ട രാഷ്ട്രീയ സാഹചര്യമില്ല എന്നും വിമർശനം ഉയർന്നു..
മുസ്‍ലിം ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഇ.പി. ജയരാജൻ. ലീഗില്ലാതെയാണ് എൽ.ഡി.എഫ് ഭരണത്തിലെത്തിയതും തുടർഭരണം നേടിയതും. എൽ.ഡി.എഫിന്റെ സീറ്റ് നില 91ൽ നിന്നും 99 ആയി ഉയർന്നു.
എൽ.ഡി.എഫ് നയത്തിൽ ആകൃഷ്ടരായി കൂടുതൽ പേർ വരുന്നുണ്ട്. ഇതിൽ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. അത്തരത്തിൽ എൽഡിഎഫ് വിപുലീകരിക്കപ്പെടും. വർഗീയഭീകരതയ്ക്കും ബി.ജെ.പിയുടെ ദുർഭരണത്തിനുമെതിരെ രാജ്യത്ത് വിശാലഐക്യം രൂപപ്പെടുകയാണ്. ആ ഐക്യത്തിന് കേരളം മാതൃകയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
എൽ.ഡി.എഫ് അടിത്തറ ശക്തിപ്പെടുത്തുമെന്ന ഇ.പി. ജയരാജന്റെ വാക്കുകൾ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് പി.ബി അംഗം എം.എ. ബേബി. ഇ.പി. ജയരാജന്‍ പറഞ്ഞതില്‍ ആശയക്കുഴപ്പമില്ല. ഇക്കാര്യത്തില്‍ ഇ.പി തന്നെ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. മറ്റു പാർടികളെയല്ല, പാർട്ടികളിലെ ആളുകളെ എൽ.ഡി.എഫില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. യു.ഡി.എഫില്‍ ഘടകകക്ഷികള്‍ അസംതൃപ്തിയിലാണെന്ന കാര്യമാണ് ഇ.പി. ജയരാജൻ ചൂണ്ടിക്കാട്ടിയത്. അതില്‍ ആശയക്കുഴപ്പമില്ലെന്നും എം.എ. ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.