തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫിസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനെ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേ സംസ്ഥാന വിജിലൻസ് പിടികൂടി. ഗ്യാസ് ഏജൻസി ഉടമയായ കുറവൻകോണം സ്വദേശിയിൽ നിന്നാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ശനിയാഴ്ച രാത്രി 7.30ഓടെ കുറവൻകോണത്തെ വീട്ടിൽവെച്ച് കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. അലക്സ് മാത്യുവിനെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
‘ഓപറേഷൻ സ്പോട്ട് ട്രാപ്പി’ന്റെ ഭാഗമായായിരുന്നു പരിശോധന. കൊല്ലം കടയ്ക്കൽ സ്വദേശിയും കുറവൻകോണം പണ്ഡിറ്റ് കോളനിയിൽ താമസക്കാരനുമാണ് പരാതിക്കാരൻ. ഇയാളുടെ ഭാര്യയുടെ പേരിൽ കൊല്ലം കടയ്ക്കലിൽ ഐ.ഒ.സിയുടെ ഗ്യാസ് ഏജൻസി പ്രവർത്തിക്കുന്നുണ്ട്. ഈ ഭാഗത്ത് മറ്റ് മൂന്ന് ഏജൻസികൾ കൂടി ഐ.ഒ.സിക്കുണ്ട്. രണ്ട് മാസം മുമ്പ് അലക്സ് മാത്യു പരാതിക്കാരനെ ഫോണിൽ വിളിച്ച് കൊച്ചിയിലെ തന്‍റെ വീട്ടിൽ വന്ന് കാണാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കൊച്ചിയിലെത്തിയ പരാതിക്കാരനോട് ഭാര്യയുടെ പേരിലെ ഗ്യാസ് ഏജൻസിയിൽനിന്ന് ഉപഭോക്താക്കളെ അടുത്തുള്ള മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു.
പരാതിക്കാരൻ തുക നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞ് മടങ്ങി. ഇതിന് പിന്നാലെ പരാതിക്കാരന്റെ ഭാര്യയുടെ പേരിലെ ഗ്യാസ് ഏജൻസിയിൽനിന്ന് 1200ഓളം കണക്ഷൻ അലക്സ് മാത്യു മാറ്റി അടുത്തുള്ള ഏജൻസിക്ക് നൽകി. തുടർന്ന് മാർച്ച് 15ന് രാവിലെ അലക്സ് മാത്യു പരാതിക്കാരന്റെ ഫോണിൽ വിളിച്ച് താൻ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും പറഞ്ഞ തുക അവിടെവെച്ച് നൽകിയില്ലെങ്കിൽ കൂടുതൽ ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റുമെന്നും ഭീഷണിപ്പെടുത്തി. പരാതിക്കാരൻ വിവരം പൂജപ്പുരയിലെ വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് -1 പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.