ചാവക്കാട്(തൃശൂർ): ട്രെയിലർ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ഇരുമ്പ് ഷീറ്റ് തെറിച്ച് വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. എടക്കഴിയൂർ തെക്കേ മദ്റസ സ്വദേശി പുതുവീട്ടിൽ മഠത്തിപറമ്പിൽ മുഹമ്മദലി ഹാജി (76), എടക്കഴിയൂർ പഞ്ചവടി ക്ഷേത്രത്തിന് സമീപത്തെ ഷാജി (40) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ആറോടെ ദേശീയ പാതയിൽ അകലാട് സ്കൂളിന് മുന്നിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോയ ലോറിയിൽനിന്ന് കണ്ടെയ്നർ നിർമാണത്തിനുള്ള പാനൽ കെട്ടു പൊട്ടി വീണതാണ് ദുരന്തത്തിനിടയാക്കിയത്. ഇരുമ്പു ഷീറ്റിൽ നിർമിച്ച പാനൽ ഒന്നര മീറ്ററോളം നീളവും വീതിയുമുള്ളതാണ്.
ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികെ നിൽക്കുകയായിരുന്ന മുഹമ്മദലി ഹാജി, ഷാജിയുടെ സ്കൂട്ടറിൽ കയറുന്നതിനിടെ പിറകെ എത്തിയ ലോറി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെ കെട്ടു പൊട്ടി പാനലുകൾ ഇരുവരുടെയും ദേഹത്തും റോഡിലും വീഴൂകയായിരുന്നു. നാട്ടുകാരും വടക്കേക്കാട് പൊലീസും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.
ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിൽതന്നെ ഇരുവരും മരിച്ചിരുന്നു. ഷാജിയുടെ മൃതദേഹം വെള്ളിയാഴ്ച എടക്കഴിയൂർ ജുമുഅത്ത് പള്ളിയിൽ ഖബറക്കി. മഹമ്മദലി ഹാജിയുടെ മൃതദേഹം ശനിയാഴ്ച രാവിലെ എടക്കഴിയൂർ ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ ഖബറടക്കും.
പരേതയായ ആയിഷയാണ് മഹമ്മദലി ഹാജിയുടെ ഭാര്യ. മക്കൾ: സമീർ, ലുഖ്മാൻ (അബൂദബി), സലീന, ജസീന, റഹീന, സബിത, നുസൈബ. മരുമക്കൾ: ലത്തീഫ് (അബൂദബി), ജലീൽ (മസ്കത്ത്), ബക്കർ (ഖത്തർ), ഷരീഫ് (ദുബൈ), ഷറഫു (അബൂദബി), ഷഫീന, ഫർസാന.
ഷാജി ഹോട്ടൽ ജീവനക്കാരനാണ്. മാതാവ്: ബീപാത്തു. പിതാവ്: അബു. ഭാര്യ: റാബിയ. മക്കൾ: ഫബി, ഫിദ, മിദു. സഹോദരിമാർ: സുലൈഖ, ഷക്കീല, സാബിറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.