എസ് ഡി പി ഐ സംസ്ഥാന പ്രതിനിധി സഭ ആലുവയിൽ ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

ആശയ പൊരുത്തമില്ലാത്ത മുന്നണികൾക്ക് രാജ്യത്തെ രക്ഷിക്കാനാവില്ല-പി. അബ്ദുല്‍ മജീദ് ഫൈസി

ആലുവ: ആശയ പൊരുത്തമില്ലാത്ത മുന്നണികളുടെ കൂട്ടായ്മയ്ക്ക് രാജ്യത്തെ രക്ഷിക്കാനാവില്ലെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ മജീദ് ഫൈസി. ആലുവയില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിലപാടില്ലാത്ത പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ബി.ജെ.പിക്ക് ബദലാവാന്‍ കഴിയില്ല.

രാജ്യം അതിസങ്കീര്‍ണമായ പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര ബി.​ജെ.പി ഭരണകൂടം രാജ്യം പിന്‍തുടര്‍ന്നുവന്ന മഹത്തായ മൂല്യങ്ങളെല്ലാം തകര്‍ത്തുകൊണ്ടിരിക്കുന്നു. ഫാഷിസത്തെ അധികാരത്തിലെത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. അവരുടെ നയവൈകല്യങ്ങളും അധികാര പ്രമത്തതയും അഴിമതിയും സാമ്പത്തിക ചൂഷണങ്ങളും ആഭ്യന്തര കലഹങ്ങളുമാണ് ബി.ജെ.പി ക്ക് വഴിയൊരുക്കിയത്.

മര്‍ദ്ദിത സമൂഹത്തിന്റെ സുരക്ഷയെക്കുറിച്ച് സാമ്പ്രദായിക പാര്‍ട്ടികള്‍ക്ക് ചര്‍ച്ചയില്ല. മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് മാസം പിന്നിട്ട ശേഷമാണ് രാഹുല്‍ ഗാന്ധി അവിടെ സന്ദര്‍ശിച്ചത്. വിദേശ രാജ്യങ്ങളിലുള്‍പ്പെടെ സന്ദര്‍ശം നടത്തുന്ന പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പാന്‍ സമയമില്ല. കേരളത്തില്‍ പോലും ഏകീകൃത സിവില്‍കോഡ് ആരെയാണ് ബാധിക്കുന്നത് എന്ന തരത്തില്‍ ചര്‍ച്ചകള്‍ വഴിതിരിച്ച് വിട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. രാജ്യം നേരിടുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന സമഗ്രമായ രാഷ്ട്രീയ ബദലാണ് എസ്.ഡി.പി.ഐ മുന്നോട്ടുവെക്കുന്നത്. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിലൂന്നിയ ജനപക്ഷ രാഷ്ട്രീയമാണ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത്. രാജ്യത്തിന്റെ സമഗ്ര പുരോഗതിയും സുസ്ഥിര വികസനവും സാമൂഹിക നീതിയുമാണ് പാര്‍ട്ടി ലക്ഷ്യമെന്നും പി. അബ്ദുല്‍ മജീദ് ഫൈസി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗങ്ങളായ കെ.എച്ച്. അബ്ദുല്‍ മജീദ് മൈസൂര്‍, പി.പി. മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. അബ്ദുല്‍ ഹമീദ്, കെ. കെ. റൈഹാനത്ത്, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി.പി. റഫീഖ്, ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍, സെക്രട്ടറിമാരായ പി.ആര്‍. സിയാദ്, കെ.കെ. അബ്ദുല്‍ ജബ്ബാര്‍, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി. ജമീല എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത്, അഷ്‌റഫ് പ്രാവച്ചമ്പലം, മുസ്തഫ പാലേരി, ശശി പഞ്ചവടി, ജോര്‍ജ് മുണ്ടക്കയം, മഞ്ജുഷ മാവിലാടം, എം. ഫാറൂഖ്, വി.എം. ഫൈസല്‍, എല്‍. നസീമ, പി.എം. അഹമ്മദ്, ഡോ. സി.എച്ച്. അഷ്‌റഫ്, വി.ടി. ഇഖ്‌റാമുല്‍ ഹഖ്, എം.എം. താഹിര്‍, ടി. അബ്ദുല്‍ നാസര്‍, ജില്ലാ നേതാക്കള്‍, പ്രതിനിധികള്‍ സംബന്ധിച്ചു. വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങളും പാസ്സാക്കി.

Tags:    
News Summary - Irrational fronts cannot save the country-P. Abdul Majeed Faizi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.