കൊച്ചി: 2018ലെ പ്രളയ ഫണ്ട് വിതരണത്തിൽ എറണാകുളത്ത് നടന്നത് പകൽക്കൊള്ള. പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് സർക്കാറിന് 14.84 കോടിയുടെ നഷ്ടമുണ്ടായെന്ന ജോയൻറ് ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ട് യു.ഡി.എഫിന് തെരഞ്ഞെടുപ്പിലെ ആയുധമായേക്കും. രണ്ട് പ്രളയങ്ങളിലും വിതരണം ചെയ്ത തുകകൾ സുതാര്യമായി അർഹരുടെ കൈയിലെത്തിച്ചെന്ന സർക്കാറിെൻറ വാദത്തിന് കനത്ത തിരിച്ചടിയാണ് ഡോ. എ. കൗശിഗെൻറ റിപ്പോർട്ട്.
ഒരേ അക്കൗണ്ട് നമ്പറിൽ ഒരേ ബില്ലിൽ ഒന്നിലധികം തവണ തുക എഴുതിയാണ് ഉദ്യോഗസ്ഥർ പണം തട്ടിയത്. അക്കൗണ്ട് നമ്പറിെൻറ സ്ഥാനത്ത് ചിലയിടങ്ങൾ പൂജ്യമാണ്. സർക്കാർ ഉത്തരവിൽ പരാമർശിക്കാത്ത തുക നഷ്ടപരിഹാരമായും നൽകി. മൂന്ന് സ്ലാബുകളിലെയും തുകകൾ ഒരേ അക്കൗണ്ട് നമ്പറിൽ അനുവദിച്ചു. അയ്യനാട് കോഓപറേറ്റിവ് ബാങ്കുമായി ബന്ധപ്പെട്ട് ധനസഹായ വിതരണത്തിലും അട്ടിമറി നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണം ആരംഭിച്ചപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥരിൽനിന്ന് മൊഴിയെടുത്തിരുന്നു. കലക്ടറേറ്റിലെ പരിഹാര സെല്ലിലെ വിഷ്ണുപ്രസാദ് പൊലീസ് കസ്റ്റഡിയിലായിരുന്നതിനാൽ അദ്ദേഹം ഒഴികെയുള്ളവരിൽനിന്ന് നേരിൽ മൊഴിയെടുത്തു.
പ്രഥമിക പരിശോധനയിൽതന്നെ തട്ടിപ്പിെൻറ ചിത്രം െതളിഞ്ഞിരുന്നു. ഉദാഹരണമായി കലക്ടറേറ്റിലെ നാഷനൽ ഇൻഫർമാറ്റിക് സെൻററിൽനിന്ന് (എൻ.ഐ.സി) പരിഹാര സെല്ലിലേക്ക് 2018 ഡിസംബർ 31ന് നൽകിയ ഗുണഭോക്താക്കളുടെ 191 ലിസ്റ്റുകൾ പരിശോധിച്ചപ്പോൾ 136 എണ്ണത്തിൽ അക്കൗണ്ട് നമ്പറുകൾ ആവർത്തിച്ചു. 10,000 രൂപ ശിപാർശ ചെയ്ത ഒരു അക്കൗണ്ട് നമ്പറിലേക്ക് 1.25 ലക്ഷം നൽകി. 2019 ജനുവരി മൂന്നിലെ പട്ടികയിൽ കെ.എൻ. പ്രദീപിനെ അഞ്ച് പ്രാവശ്യവും ജാസ്മിൻ ഇബ്രാഹീംകുട്ടിയെ നാലുപ്രാവശ്യവും ഉൾപ്പെടുത്തിയതായി കണ്ടെത്തി.
തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.എം. അൻവർ, ഭാര്യ കൗലത്ത് അൻവർ, ലോക്കൽ കമ്മിറ്റി അംഗമായ കാക്കനാട് പാട്ടുപുര നഗറിൽ താമസിക്കുന്ന എൻ.എൻ. നിഥിൻ, ഭാര്യ ഷിൻറു, എൻ.ജി.ഒ യൂനിയൻ അംഗം വിഷ്ണു പ്രസാദ്, സുഹൃത്ത് കോഴിഫാം ഉടമ ബി. മഹേഷ്, ഭാര്യ നീതു എന്നിവരായിരുന്നു തട്ടിപ്പിലെ പ്രതികൾ. തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് എം.എം. അൻവറിനെയും എൻ.എൻ. നിഥിനെയും പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.