ഇടുക്കി റവന്യൂ വകുപ്പിലെ ക്രമക്കേട് : ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ ഉപേക്ഷിച്ചു

തിരുവനന്തപുരം : ഇടുക്കിയിലെ വിവാദമായ റവന്യൂ വകുപ്പിലെ ക്രമക്കേടിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥർ ക്ലീൻ ചിറ്റ്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചകൾ സംവഭിച്ചിട്ടില്ലെന്ന് ഔപചാരിക അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല നടപടികൾ ഉപേക്ഷിച്ച് ഉത്തരവിട്ടത്.

ഇടുക്കിയിലെ വിവിധ താലൂക്കുകളിലെ എൽ.ആർ.എം ഫയൽ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച് സർവേ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവിധ താലൂക്കുകളിലായി 10.30 ഹെക്ടർ സർക്കാർ ഭൂമി തെറ്റായ ഫയൽ നടപടികൾ കാരണം നഷ്ടപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ട്. അതിന് ഉത്തരവാദികളായ സർവേ ജീവനക്കാർക്കെതിരെ സർവേ ഡയറക്ടർ നടപടി സ്വീകരിക്കണെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.

നിലവിൽ സേവനത്തിൽ തുടരുന്ന മുൻ ഉടുമ്പൻചോല അഡീഷണൽ തഹസിൽദാർ ബി.ശശികുമാറിനെതിരായ വകുപ്പുതല നടപടി ഭാവിയിൽ ഇത്തരം കേസുകളിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടതാണെന്ന താക്കീത് നല്കിയും, സേവനത്തിൽ നിന്ന് വിരമിച്ച മുൻ ഉടുമ്പൻചോല അഡീഷണൽ തഹസിൽദാർ കെ.എം ശിവകുമാർ, മുൻ തൊടുപുഴ തഹസിൽദാർ ജെ. ശ്രീലത, മുൻ ദേവികുളം തഹസിൽദാർ ഗ്രിഗറി കെ. ഫിലിപ്പ് എന്നിവർക്കെതിരായ വകുപ്പുതല നടപടികൾ ഉപേക്ഷിച്ചാണ് ഉത്തരവ്.


 


ജീവനക്കാർക്കെതിരെയുള്ള ആരോപണം ഭൂമിയുടെ സർവെ നമ്പർ തിരുത്തി നൽകിയെന്നുള്ളതായിരുന്നു. തിരുത്തിക്കൊടുത്തതിന്റെ അടിസ്ഥാനത്തിൽ 10.30 ഹെക്ടർ സർക്കാർ ഭൂമി നഷ്ടപ്പെട്ടുവെന്നാണ് 2019ൽ ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകിയത്. ഔപചാരിക അന്വേഷണത്തിൽ  സർക്കാരിന് ഭൂമി നഷ്ടമായിട്ടില്ലെന്നാണ് കണ്ടെത്തിയത്.

പട്ടയം ലഭിച്ച ഭൂമികളുടെ സർവേ നമ്പരുകളിലുള്ള വ്യത്യാസം തിരുത്തി നൽകുകയും, ഇനം മാറ്റി നൽകുകയുമാണുണ്ടായിട്ടുളളതെന്നും ഇത്തരത്തിൽ നടപടി സ്വീകരിച്ചിട്ടുളളത് വില്ലേജ് ഓഫീസർ, സർവെയർ എന്നിവയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹെഡ് സർവെയർ അംഗീകാരം നൽകി ശിപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണെന്നും കണ്ടെത്തി. അതിനാൽ കുറ്റാരോപിതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്നാണ് വകുപ്പ് തല അന്വേഷണ റിപ്പോർട്ട്. അതിനാലാണ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് നടപടികൾ അവസാനിപ്പിച്ചത്. 

Tags:    
News Summary - Irregularity in Idukki Revenue Department: Proceedings against officials dropped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.