ഔഫിനെ കുത്തിയത് താനാണെന്ന് ഇർഷാദ്; മുഴുവൻ പ്രതികളും പിടിയില്‍

കാസർകോട്: കല്ലൂരാവിയിലെ അബ്ദുറഹ്മാൻ ഔഫിനെ കുത്തിയത് താനാണെന്ന് ലീഗ് പ്രവർത്തകനായ മുഖ്യപ്രതി ഇര്‍ഷാദ് മൊഴി നൽകിയെന്ന് പൊലീസ്. സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇർഷാദിനെ മംഗലാപുരത്ത് നിന്ന് കാഞ്ഞങ്ങാട്ടെത്തിച്ചിരുന്നു. അന്വേഷണസംഘത്തോടാണ് ഇർഷാദ് കുറ്റം സമ്മതിച്ചത്. കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

ഹൃദയധമനിയിൽ കുത്തേറ്റതാണ് അബ്ദുറഹ്മാന്‍റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരം. വേഗത്തിൽ രക്തം വാർന്നത് മരണം കാരണമായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രിയാണ് കസ്റ്റഡിയിൽ എടുത്തത്. ഇർഷാദിനൊപ്പം പ്രവർത്തകനായ ഇസഹാഖ്, ഹസൻ, മുണ്ടത്തോട് സ്വദേശി ഹാഷിർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

അബ്ദുറഹ്മാനെ കുത്തിയത് ഇർഷാദ് ആണെന്നാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഇസ്‍ഹാഖും പൊലീസിന് മൊഴി നൽകി. കല്ലൂരാവി സ്വദേശിയും യൂത്ത് ലീഗ് പ്രവർത്തകനായ ഹാഷിറും സംഘത്തോടൊപ്പമുണ്ടായിരുന്നുവെന്ന ഇസ്‍ഹാഖിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹാഷിറിനെ കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച രാത്രി പത്ത് മണിയോടെ മുണ്ടത്തോട് ബാവ നഗർ റോഡിലുണ്ടായ സംഘർഷത്തിലാണ് അബ്ദുറഹ്മാൻ ഔഫ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലൂരാവിയിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഈ സംഭവമെന്നാണ് പൊലീസിന്‍റെ നിഗമനം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.