''ജനങ്ങളുടെ സ്വാതന്ത്ര്യം കവർന്നിട്ടും ബുദ്ധിജീവികൾ പുലർത്തുന്ന മൗനം കസേര സംരക്ഷണത്തിനോ?''

കോഴിക്കോട്: വിമർശനാത്മക പ്രതിപക്ഷമായി പ്രവർത്തിക്കേണ്ട ബുദ്ധിജീവികൾ കനത്ത നിശബ്ദതയിലാണ്. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതുമായ ഭരണകൂട ഇടപെടൽ ഉണ്ടായിട്ടും എഴുത്തുകാരുടെ ശബ്ദം ഉയരുന്നില്ല. സത്യം വിളിച്ചു പറേയേണ്ട അടിയന്തര ആവശ്യകതയില്ലെന്ന മട്ടിലാണ് ഇക്കൂട്ടർ. നോം ചോംസ്കിയുടെ `ബുദ്ധിജീവികളുടെ ഉത്തരവാദിത്തം' എന്ന ലേഖനം ആവർത്തിച്ച് ഉദ്ധരിക്കുന്നവരാണ് നമ്മുടെ ഇടത് ബുദ്ധിജീവികൾ. അവരിന്ന് ഭരണകൂട ആരാധകരായി മാത്രം ഒതുങ്ങി.

ഫാഷിസത്തിന്റെ ലക്ഷണ ശാസ്ത്രഗ്രന്ഥങ്ങളാകെ പഠിച്ച് സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിക്കുന്ന അക്കാദമിക് ബുദ്ധിജീവികളും എഴുത്തുകാരും സമ്പൂർണ നിശബ്ദതയിലാണ്. ഫാസിസത്തിന്റെ സൗന്ദര്യ ശാസ്ത്ര ഗ്രന്ഥങ്ങളൊന്നാകെ പരതിയിട്ടും സുനിൽ പി. ഇടയിളം അടക്കമുള്ള ബുദ്ധിജീവികൾക്ക് കേരളത്തിലെ പൊലീസ് രാജിന്റെ നിറം തിരിച്ചറിയാനാവുന്നില്ല. കൊച്ചുകേരളത്തിൻറെ ഭൂപടത്തിനുള്ളിൽ നാവടക്കി പണിയെടുക്കുന്നതാണ് നല്ലതെന്ന് അവർ തിരിച്ചറിയുന്നു. പലരും സാംസ്കരിക സ്ഥാപനങ്ങളിൽ ലഭിച്ച കസേരകളിൽ സംതൃപ്തരാണ്. മുഖ്യമന്ത്രിയുടെ അധികാര പ്രയോഗത്തിനു മുന്നിൽ എന്ത് ബുദ്ധിജീവി പട്ടമെന്നാണ് പലരുടെയും ചോദ്യം.

കേരളത്തിലെ ഇടതുപക്ഷ സർക്കാരുകൾക്കുമേൽ പാർട്ടിക്കുണ്ടായിരുന്ന നിയന്ത്രണം പലപ്പോഴും വിവാദമായിരുന്നു. പാർട്ടി സെൽ ഭരണം നടത്തുന്നുവെന്നായിരുന്നു പഴയകാല വലതുപക്ഷ ആരോപണം. എന്നാലിന്ന് പാർട്ടിയും മുഖ്യമന്ത്രിയും ഒന്നായിരിക്കുന്നു. പാർട്ടിയാണ് മുഖ്യമന്ത്രിയെന്നും മുഖ്യമന്ത്രിയാണ് പാർട്ടിയെന്നും പറയുന്ന അവസ്ഥ.

പാർട്ടിയുടെയും സർക്കാരിന്റെയും നിയന്ത്രണം പിണറായി വിജയനിലേക്ക് കേന്ദ്രീകരിച്ചു. വിയോജിപ്പുകളോ വിമർശങ്ങളോ സ്വയംവിമർശനമോ ഉയരാത്ത കാലം. പാർലമെൻററി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് ആവശ്യമായ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ മുന്നിലെത്തിയെന്നതാണ് പിണറായി വിജയനെ പാർട്ടിയിൽ ഒന്നാമനാക്കിയത്. പാർട്ടിയുടെ മുഖ്യ ലക്ഷ്യം അധികാരമായപ്പോൾ അതിനുവേണ്ടി മികച്ച തന്ത്രം ആവിഷ്കരിക്കുന്നതിൽ അദ്ദേഹം വിജയിച്ചു.

അധികാരം ഉറപ്പിച്ചെടുക്കുന്നതിന് ഭീഷണി അടക്കമുള്ളയെന്തും ഉപയോഗിക്കാമെന്ന് സ്വന്തം അണികളെ പഠിപ്പിച്ചത് പിണറായി വിജയനാണ്. സഖാവ് പഠിപ്പിച്ച പാഠങ്ങൾ യുവജനത ആവേശത്തോടെ ഏറ്റുവിളിക്കുന്നു. സംശയം ഉന്നയിക്കുന്നവർക്ക് പൊലീസ് രാജ് വികസനത്തിനുള്ള പുതുവഴിവെട്ടുകയാണെന്ന് വിശദീകരണം നൽകുന്നു. ലോകബാങ്കിൽ നിന്ന് ഗീത ഗോപിനാഥിനെ ഉപദേശകയായി കേരളത്തിൽ എത്തിച്ചാണ് മുഖ്യമന്ത്രി സാമ്പത്തിക പരിഷ്കരണത്തിന് തുടക്കം കുറിച്ചത്. എന്നിട്ടും കേരളത്തിന്റെ കടം പലമടങ്ങ് വർധിച്ചു. അവരുടെ ഉപദേശം കൊണ്ട് സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ല. അവർ എന്ത് ഉപദേശം സർക്കാരിനും പാർട്ടിക്കും നൽകിയെന്ന് ആരും ചോദിച്ചില്ല.

മുഖ്യമന്ത്രി കോർപറേറ്റ് താൽപര്യങ്ങളുടെ സംരക്ഷകനാണെന്നും അവരുടെ ഇഷ്ട തോഴനാണെന്നും അദ്ദേഹത്തിന്റെ നയങ്ങൾ തെളിയിക്കുമ്പോഴും പാർട്ടിയിൽ ഒരിടത്തുനിന്നും ചോദ്യം ഉയരുന്നില്ല. കോർപ്പറേറ്റുകൾക്ക് ആവശ്യം അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഭരണാധികാരിയെയാണ്. അഴിമതിയുടെ കറപുരണ്ട ഉദ്യോഗസ്ഥ മേധാവികളെയും അവർക്ക് ആവശ്യമാണ്. എന്തും വിലകൊടുത്തു വാങ്ങാൻ കോർപറേറ്റുകൾക്ക് പണമുണ്ട്. അതിനുള്ള പുതുവഴിയൊരുക്കുന്നതിൽ ഈ സർക്കാർ മുന്നിലാണെന്ന കോർപ്പറേറ്റികൾക്കറിയാം.

വിമർശനവും സ്വയം വിമർശനവും പാർട്ടി ശരീരത്തിന്റെ ഭാഗമായിരുന്നു. ഉയർന്ന നേതാക്കൾ പോലും വിമർശനത്തിന് അതീതരായിരുന്നില്ല. പി. കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ്, വി.എസ് അച്യൂതാനന്ദൻ തുടങ്ങിയ നേതാക്കളൊക്കെ വിമർശനത്തിന് വിധേയരായി. എന്നാൽ ഇന്ന് വിമർശന-സ്വയവിമർശന പരിപാടി തന്നെ അവസാനിപ്പിച്ചു. തിരുവായ്ക്ക് എതിർ ശബ്ദമുയരാത്ത കാലമാണ്. പാവങ്ങളായ ഒരു സംഘം സഖാക്കൾ നേതാവ് പറയുന്നതാണ് കമ്യൂണിസമെന്ന് വിശ്വസിക്കുന്നു. അവർ നേതാവിനുവേണ്ടി പോരാട്ടം നടത്തുന്നു.

നരേന്ദ്രമോദി ലക്ഷണമൊത്ത ഫാസിസ്റ്റ് ആണെന്ന് ഇടതു ബുദ്ധിജീവികൾക്ക് അറിയാം. മോദി ചാണക്യ സൂത്രത്തിൻറെ പ്രായോഗിക വക്താവാണെന്ന് അവർ പറയും. കേരളത്തിന് ആവശ്യം സ്വേഛാധിപതിയായ മുഖ്യമന്ത്രിയെയാണെന്ന് മോദിക്ക് അറിയാം. അത് ബി.ജെ.പിയിലെ ഒരു വിഭാഗവും തിരിച്ചറിയുന്നു. ഈ തിരിച്ചറിവിൽ നിന്നാണോ നമ്മുടെ ബുദ്ധിജീവികൾ നിശബ്ദരാകുന്നത്. മോദി പിണറായിയുമായി കൈകോർത്തു പിടിക്കുന്നുവെന്ന സത്യം വിളിച്ചുപറയാൻ ബുദ്ധിജീവികൾക്ക് ഭയമാണ്. അതിനാലാണ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യംവരെ തടയുമ്പോൾ നമ്മുടെ ബുദ്ധിജീവികൾ സാംസ്കാരിക സ്ഥാപനങ്ങളിൽ ലഭിച്ച കസേര സംരക്ഷിച്ച് സാംസ്കാരിക സേവനം തുടരുന്നത്.

Tags:    
News Summary - Is it to protect the chair of silence of the intellectuals despite robbing the people of their freedom?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.