ഇവിടെ നടപ്പാക്കും, അവിടെ എതിർക്കും; ഇതാണോ വൈരുദ്ധ്യാത്മക ഭൗതിക വാദം? വി.ഡി സതീശന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സി.പി.എം നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനും സില്‍വര്‍ ലൈന്‍ പദ്ധതിയിലുമുള്ള സി.പി.എമ്മിന്‍റെ രണ്ട് നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കും എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിക്കും. ഇതിനെയാണോ മലയാളത്തിൽ വൈരുദ്ധ്യാത്മക ഭൗതിക വാദം എന്ന് വിളിക്കുന്നത് എന്നാണ് വി.ഡി സതീശന്‍റെ ചോദ്യം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം.

വി.ഡി സതീശന്‍റെ ഫേസ്ബുക് പോസ്റ്റ്

മുബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ ഞങ്ങള്‍ എതിര്‍ക്കും. മഹാരാഷ്ട്രയിലെ ലോക്കല്‍ കമ്മറ്റി (അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ ) മുതല്‍ ഇന്ദ്രപ്രസ്ഥത്തിലെ പോളിറ്റ് ബ്യൂറോ വരെ ഇക്കാര്യത്തില്‍ ചര്‍ച്ചയും പഠനവും ആശയസങ്കലനവും റിപ്പോര്‍ട്ടിങ്ങും എല്ലാം കഴിഞ്ഞ് ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ്. പക്ഷെ അതേ പോളിറ്റ് ബ്യൂറോയിലെ അംഗം ഭരിക്കുന്ന സംസ്ഥാനത്തെത്തിയാല്‍ കാര്യം മാറി. ചര്‍ച്ചയില്ല പഠനമില്ല ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.

ഞങ്ങള്‍ സില്‍വര്‍ ലൈന്‍ സ്ഥാപിക്കും പറപ്പിക്കും വിജയപ്പിക്കും. ഞങ്ങള്‍ മുതലാളിത്തത്തിന് എതിരാണ്. പക്ഷെ ഞങ്ങള്‍ കുത്തകകളുടെ തോളില്‍ കൈയ്യിടും. ഞങ്ങള്‍ ആഗോളവത്ക്കരണത്തിന് തീര്‍ത്തും എതിരാണ്, പക്ഷെ ആഗോള ഭീമന്‍മാരില്‍ നിന്ന് വായ്പ വാങ്ങും. ഞങ്ങള്‍ ജനങ്ങള്‍ക്ക് ഒപ്പമാണ്, പക്ഷെ പാവങ്ങളെ ഒരു ചാണ്‍ ഭൂമിയില്‍ നിന്ന് ആട്ടി പായിക്കും. ഞങ്ങള്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി നിലകൊള്ളുന്ന എന്നാല്‍ ഇവിടെ ആരെങ്കിലും വ്യത്യസ്ത അഭിപ്രായം പറഞ്ഞാല്‍ തീവ്രവാദിയായി ചാപ്പ കുത്തും. ഇതിന്റെ മലയാളം പേരാണോ വൈരുധ്യാത്മക ഭൗതികവാദം?

മുബൈ- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിന്‍ പാടില്ല. എന്നാല്‍ തിരുവനന്തപുരം കാസര്‍കോട് അതിവേഗ ട്രെയിന്‍ നടപ്പാക്കും. എന്തൊരു വിരോധാഭാസമാണിത്. പക്ഷേ അപ്പോഴും നിങ്ങളുടെ പഴയ കാല പ്രസ്താവനകളും ട്വീറ്റുകളും ചരിത്ര സത്യങ്ങളായി നിങ്ങളെ തന്നെ തിരിഞ്ഞ് കൊത്തുമെന്നോര്‍ക്കണം...

(മുബൈ- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിനിന് എതിരെ സി.പി.എമ്മിന്‍റെയും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ട്വീറ്റുകള്‍)

Tags:    
News Summary - Is this paradoxical materialism? asks VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.