കോഴിക്കോട്: ഇടുക്കി പെരുവന്താനം വില്ലേജിൽ ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനി കൈവശം വെച്ചിരിക്കുന്ന 7373 ഏക്കർ ഭൂമിയുടെ അവകാശികൾ ആരാണ് ? ഈ ചോദ്യം ഉന്നയിക്കുന്നത് തോട്ടത്തിലെ തൊഴിലാളികൾ ആണ്. റബ്ബർ തോട്ടം പൈനാപ്പിൾ കൃഷിക്ക് ഉപപാട്ടം നൽകിയ സാഹചര്യത്തിലാണ് തൊഴിലാളികൾ ഈ ചോദ്യം ഉയർത്തുന്നത്. സ്പെഷ്യൽ ഓഫിസർ എം.ജി. രാജമാണിക്യം കമ്പനിയുടെ ഭൂരേഖകൾ പരിശോധിച്ചതിനെക്കുറിച്ച് അവർക്കറിയില്ല. വിദേശ കമ്പനികളും വ്യക്തികളും കൈവശം വെച്ചിരുന്ന തോട്ടങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ടി.ആർ ആൻഡ് ടീ കമ്പനിയുടെ തോട്ടവും ഉൾപ്പെട്ടിരുന്നുവെന്നും തൊഴിലാളികൾ തിരിച്ചറിഞ്ഞിട്ടില്ല. എങ്കിലും അവർ ഉയർത്തുന്നത് കാതലായ ചോദ്യമാണ്. അതിന് വ്യക്തമായ മറുപടി നൽകിയത് എം.ജി. രാജമാണിക്യമാണ്.
പെരുവന്താനത്തെ ഭൂമിയിൽ 2016 ജനുവരി 13ന് സ്പെഷ്യൽ ഓഫീസർ ഫീൽഡ് തല പരിശോധന നടത്തിയിരുന്നു. അന്ന് കമ്പനിക്ക് വേണ്ടി ശിവരാമകൃഷ്ണ ശർമ ആ പരിശോധനയിൽ പങ്കെടുത്തിരുന്നു. കമ്പനി അധികൃതർ ഹാജരാക്കിയ രേഖകളിൽ പ്രകാരം സ്കോട്ടിഷ് കമ്പനിയുടെ പേരുകളാണുള്ളതെന്ന് റവന്യൂ അധികൃതർ സ്പെഷ്യൽ ഓഫീസറെ അറിയിച്ചു. രേഖകൾ പ്രകാരം ആദ്യം ചെമ്പകശ്ശേരി വകയായിരുന്നു ഭൂമി. കമ്പനിയുടെ കൈവശമുള്ള മുഴുവൻ ഭൂമിയുടെയും പട്ടയും സംബന്ധിച്ച് ജില്ലാ റവന്യൂ ഉദ്യോഗസ്ഥർ സംശയം ഉന്നയിച്ചു.
നിലവിലെ കൈവശക്കാരായ ട്രാവൻകൂർ റബ്ബർ ആൻഡ് കമ്പനിയുടെ കൈകളിലേക്ക് മുഴുവൻ സ്വത്തും എത്തിയത് എങ്ങനെ എന്ന് വിശദീകരിക്കാൻ അവർക്ക് തന്നെ കഴിഞ്ഞില്ല. വള്ളിയങ്കാവ് എന്നറിയപ്പെടുന്ന ക്ഷേത്രത്തിലേക്ക് പോകാനും തിരിച്ചു വരാനും കമ്പനി അനുവദിക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാരിൽ ചിലർ സ്പെഷ്യൽ ഓഫീസറെ സമീപിച്ചു. ദേവീക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്പനിയും തമ്മിലുള്ള ഭൂമി തർക്ക സംബന്ധിച്ച് ഹൈകോടതിയിൽ റിട്ട ഹരജികൾ നിലവിലുണ്ടെന്നും നാട്ടുകാർ അറിയിച്ചു.
കമ്പനി അധികൃതർ ഹാജരാക്കിയ രേഖകൾ കാലക്രമത്തിലാണ് സ്പെഷ്യൽ ഓഫീസർ പരിശോധന നടത്തിയത്. അതിനാൽ 1939 ഡിസംബർ 12ലെ പട്ടയമാണ് ആദ്യം പരിശോധിച്ചത്. രേഖകൾ പ്രകാരം സെൻട്രൽ ട്രാവൻകൂർ റബ്ബർ കമ്പനി ലിമിറ്റഡിന് അനുകൂലമായി ചങ്ങനാശേരി തഹസിൽദാരാണ് പട്ടയം നൽകിയത്. പഴയ ചങ്ങനാശേരി താലൂക്കിലെ കാഞ്ഞിരപ്പള്ളി സൗത്ത് പകുതിയിലെ സർവേ നമ്പർ 385/3ൽ 447.85 ഏക്കർ കമ്പനിക്ക് പാട്ടത്തിന് നൽകിയതായി പട്ടയത്തിൽ രേഖപ്പെടുത്തി. തിരുവിതാംകൂർ സർക്കാരിന്റെ വകയായിരുന്ന 'പണ്ഡാരവക പാട്ടം' എന്നാണ് ഭൂമിയുടെ കൈവശാവകാശം പരാമർശിക്കുന്നത്.
സെൻട്രൽ ട്രാവൻകൂർ റബ്ബർ കമ്പനി ലിമിറ്റഡ് ഇംഗ്ലണ്ടിൽ രജിസ്റ്റർ ചെയ്ത ഒരു വിദേശ കമ്പനിയായിരുന്നു. പട്ടയമനുസരിച്ച്, പാട്ടം നൽകുന്ന സമയത്ത് ഇത് വരണ്ട ഭൂമിയായിരുന്നു, കാരണം അതിനെ "പുരയിടം" എന്ന് വിശേഷിപ്പിച്ചത്. അത് ഭൂമിയുടെ സ്വഭാവം പരാമർശിക്കുന്ന കോളത്തിൽ എഴുതിയിട്ടുണ്ട്. പറമ്പ് പാട്ടം അല്ലെങ്കിൽ പാട്ടത്തിനുള്ള വാർഷിക വാടക 911 രൂപ, 19 ചക്രം, ആറ് കാശ് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചങ്ങനാശ്ശേരി താലൂക്കിലെ കാഞ്ഞിരപ്പള്ളി സൗത്ത് പകുതിയിൽ സർവേ നമ്പർ 385/3 ആണ് ഭൂമി.
രണ്ടാമത് ഭൂരേഖ പരിശോധിച്ചതിൽ അത് 1942 ഫെബ്രുവരിയിലെ സെറ്റിൽമെൻറ് പട്ടയമാണ്. പട്ടയ നമ്പർ166. അത് നോട്ടറൈസ്ഡ് രേഖയാണ്. (നോട്ടറി ഒപ്പുവെച്ചത്). പട്ടയത്തിന്റെ ഒന്നാം പേജ് പരിശോധിച്ചപ്പോൾ, 1908ലെ ഇംഗ്ലീഷ് കമ്പനികളുടെ ഏകീകരണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ദ ട്രാവൻകൂർ റബ്ബർ കമ്പനി ലിമിറ്റഡ് എന്ന കമ്പനിക്കാണ് പട്ടയം നൽകിയിരിക്കുന്നതെന്ന് വ്യക്തമായി. അതൊരു ഇംഗ്ലീഷ് കമ്പനിയാണ്.
രേഖകളുടെ പകർപ്പ് പ്രകാരം പൂഞ്ഞാർ കോയിക്കൽ സെറ്റിൽമെൻറ് ഓഫീസറുടെ കീഴിലുള്ള കണ്ടെഴുത്ത് ഉദ്യോഗസ്ഥനാണ് 166-ാം നമ്പർ പട്ടയം നൽകിയത്. തിരുവിതാംകൂറിലെ നാല് ഇടവകകളിൽ ഒന്നായ വഞ്ചിപ്പുഴ മഠത്തിന്റെ കൈവശമുള്ള ഭൂമി പൂഞ്ഞാർ കണ്ടെഴുത്ത് ഉദ്യോഗസ്ഥൻ നൽകുകയായിരുന്നു. ഈ പട്ടയത്തിന്റെ എട്ട് പേജുകളുടെയും ഇടതുവശത്ത് താഴെ പൂഞ്ഞാർ എസ് എന്നും അച്ചടി തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. പൂഞ്ഞാർ കോയിക്കലിലെ 166-ാം നമ്പർ വ്യാജപട്ടയം നിർമിക്കാൻ കമ്പനി രണ്ട് വ്യത്യസ്ത ഇടവകയുടെ ഉപയോഗിച്ചുവെന്നാണ് സ്പെഷ്യൽ ഓഫിസർ പരിശോധനയിൽ കണ്ടെത്തിയത്.
ഇടവകകൾക്ക് സ്വന്തം സെറ്റിൽമെൻറ് രജിസ്റ്റർ അച്ചടിച്ചിരുന്നതിനാൽ പൂഞ്ഞാർ കോയിക്കലിന്റെ പട്ടയ രൂപത്തിൽ വഞ്ചിപ്പുഴയുടെ വസ്തുവിന് പട്ടയം നൽകേണ്ടതില്ല. ഓരോ ഇടവകക്കും അവരുടേതായ സെറ്റിൽമെൻറ് ഓഫീസർമാർ ഉണ്ടായിരുന്നു. ഓരോ ഇടവകയിലും വില്ലേജ് ഓഫീസർമാർ ഉണ്ടായിരുന്നു. പൂഞ്ഞാർ കോയിക്കലിന്റെ ഉപയോഗത്തിന് വേണ്ടി മാത്രം നൽകിയ പട്ടയ ഫോമിൽ വഞ്ഞിപ്പുഴ മഠത്തിന്റെ വസ്‌തുക്കളിൽ ഒരിക്കലും പൂഞ്ഞാർ കണ്ടെഴുത്ത് ഉദ്യോഗസ്ഥനോ സെറ്റിൽമെൻറ് ഉദ്യോഗസ്ഥനോ നിയോഗിക്കാൻ കഴിയില്ല. പട്ടയം നമ്പർ 166 ന്റെ പകർപ്പിൽ മറ്റ് നിരവധി വൈരുദ്ധ്യങ്ങളും പരിശോധനയിൽ കണ്ടെത്തി. കൊല്ലവർഷം 1118 മുതൽ 1131 വരെ 14 വർഷത്തേക്കാണ് പാട്ടത്തിന് നൽകിയത്. 2054 രൂപ, 17 ചക്രം, എട്ട് കാശ് ആയിരുന്നു പാട്ടം.
പട്ടയത്തിൽ രണ്ട് മുദ്രകൾ (സീൽ) പതിച്ചിട്ടുണ്ട്. ഒരു ലിഖിതം ചെമ്പകശ്ശേരി വകയും മറ്റൊന്ന് പൂഞ്ഞാർ സെറ്റിൽമെൻറ് ഓഫീസറുടെ ലിഖിതവുമാണ്. പൂഞ്ഞാർ കോയിക്കലിലെ കണ്ടെഴുത്ത് ഉദ്യോഗസ്ഥനാണ് പട്ടയം ഒപ്പിട്ടിരിക്കുന്നത് എന്നതാണ് വിചിത്രം. ഭൂമിയുടെ കൈവശാവകാശം "ചെമ്പകശ്ശേരി വക സ്ഥിരം പാട്ടം" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വഞ്ചിപ്പുഴ ഇടവകയുടെ കീഴിലായിരുന്നു ഈ ഭൂമി. ഒരു രജിസ്റ്ററിന്റെ ഭാഗമായി കാണുന്ന എട്ടു പേജുകളാണ് പട്ടയത്തിൽ ഉള്ളത്. മൂന്ന് സർവേ നമ്പരുകൾ മാത്രമാണ് വിവരണാത്മക കോളത്തിലുള്ളത്. അതിൽ തറവിലയും പറയുന്നു.
521/2, 786/2, 789 എന്നിങ്ങനെ മൂന്ന് സർവേ നമ്പരുകളിലായി ആകെ 73.38 ഏക്കർ മാത്രമാണുള്ളത്. എന്നാൽ പൂഞ്ഞാർ സെറ്റിൽമെൻറ് പട്ടയത്തിന്റെ എട്ട് പേജുകളിലായി 3530.83 ഏക്കർ ഭൂമിയാണ് കമ്പനി അവകാശപ്പെടുന്നത്. വഞ്ചിപ്പുഴ ഇടവകയുടെ വസ്തു പൂഞ്ഞാർ കോയിക്കലിലെ ഇടവകക്ക് ഒരിക്കലും നൽകാനാകാത്തതിനാൽ ഈ സെറ്റിൽമെൻറ് പട്ടയം 166/1942 വ്യാജമാണെന്ന് സ്പെഷ്യൽ ഓഫിസർ രേഖപ്പെടുത്തി. ഈ ഭൂമി ബ്രിട്ടീഷ് കമ്പനികൾ കൈവശം വെച്ചിരുന്നതാണ്. ഇപ്പോൾ കൈവശം വച്ചിരിക്കുന്നവരുടെ മുൻഗാമികളുടെ പേരുകൾ രേഖകളിലൊന്നുമില്ല.
കമ്പനി അധികൃതർ ഹാജരാക്കിയ മൂന്നാമത്തെ രേഖയുടെ പകർപ്പും സ്പെഷ്യൽ ഓഫിസർ പരിശോധിച്ചു. 1942 ഫെബ്രുവരി 10ലേതാണ് രേഖ (കൊല്ല വർഷം 1117). ടൈപ്പ് ചെയ്ത സെറ്റിൽമെൻറ് പട്ട നമ്പർ 395 -ന്‍റെ പകർപ്പാണ്. ഇതും വിദേശ കമ്പനിയായ സെൻട്രൽ ട്രാവൻകൂർ റബ്ബർ കമ്പനി ലിമിറ്റഡിന് നൽകിയതായി രേഖപ്പെടുത്തുന്നു. പൂഞ്ഞാർ കോയിക്കൽ നമ്പർ 17( XVII) എന്ന നമ്പരിലാണ് ഈ പട്ടയവും നൽകിയിരിക്കുന്നത്. പൂഞ്ഞാറിലെ സെറ്റിൽമെൻറ് ഓഫീസറുടെ മുദ്രകളും ചെമ്പകശ്ശേരി വക എന്നെഴുതിയ മുദ്രയും പട്ടയത്തിലെ നാലു പേജുകളിലും കാണാം. ഈ പട്ടയത്തിന്‍റെ ഇടതുവശത്ത് താഴെ പകർപ്പുകളുടെ എണ്ണം, അച്ചടി തീയതി തുടങ്ങിയ ഫോമുകളുടെ പ്രിൻറിങ് വിശദാംശങ്ങളും ഉണ്ട്. പട്ടയത്തിന്‍റെ രൂപം പൂഞ്ഞാർ കോയിക്കലിന്റേതാണ്. ഇവിടെയും പൂഞ്ഞാർ കോയിക്കലിലെ കണ്ടെഴുത്ത് ഉദ്യോഗസ്ഥനായിരുന്നു പട്ടയം നൽകിയത്. 2055.68 ഏക്കർ വരുന്ന ഭൂമി "ചെമ്പകശ്ശേരി വക പെരുവന്താനം ദേവസ്വം സ്ഥിരപട്ടം" ആണെന്ന് രേഖപ്പെടുത്തി.
1942ൽ ഈ സ്ഥലം സെൻട്രൽ ട്രാവൻകൂർ റബ്ബർ കമ്പനി ലിമിറ്റഡിന് പാട്ടത്തിന് നൽകിയതായി വിവരണമുണ്ട്. പീരുമേട് താലൂക്കിലെ വഞ്ഞിപ്പുഴ ഇടവകയിലെ പെരുവന്താനം പകുതിയിലാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ഗവൺമെൻറിന്റെ കീഴിലുള്ള വഞ്ഞിപ്പുഴ മഠത്തിന്റെ അധീനതയിലുള്ള ഇടവക ഭൂമിയായിരുന്നു അത്. ഈ മൂന്ന് രേഖകളിലും ഇപ്പോൾ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നവരുടെ പേരുകളില്ലെന്നാണ് രാജമാണിക്യം കണ്ടെത്തിയത്. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ പെരുവന്താനം വില്ലേജിലാണ് 7373 ഏക്കർ ഭൂമി കമ്പനി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്ന് എം.ജി. രാജമാണിക്യം കണ്ടെത്തി. ഇതോടൊപ്പം കരാർ ഉടമ്പടികളുടെ (ഇൻഡെഞ്ചർ) പകർപ്പും കമ്പനി അധികൃതർ ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.