കൊച്ചി: ഇൻറലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ ഐ.എസ്.ആർ.ഒ ചാരക്കേസിലൂടെ വ്യക്തിവിരോധം തീർക്കുകയായിരുന്നെന്ന് നമ്പി നാരായണെൻറ മൊഴിയുണ്ടെന്ന് സി.ബി.ഐ ഹൈകോടതിയിൽ. ബന്ധുവിന് ജോലിക്ക് ശ്രമിച്ചിട്ട് നൽകാതിരുന്നതിെൻറ വൈരാഗ്യമാണ് ശ്രീകുമാറിനെന്നാണ് അദ്ദേഹത്തിെൻറ മൊഴി.
വിക്രം സാരാഭായ് സ്പേസ് സെൻററിൽ കമാൻഡറായിരിക്കെയുള്ള പരിചയം വെച്ചാണ് ബന്ധുവിന് ജോലിക്ക് വേണ്ടി ശ്രീകുമാർ സമീപിച്ചത്. ജോലി കിട്ടാതിരുന്നതിനെ തുടർന്ന് നമ്പി നാരായണെൻറ ഒാഫിസിലെത്തി ശ്രീകുമാർ രോഷം പ്രകടിപ്പിക്കുകയും അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി നമ്പിയുടെ മൊഴിയുണ്ടെന്ന് വിശദീകരണ പത്രികയിൽ പറയുന്നു. ചാരക്കേസ് ഗൂഢാലോചന കണ്ടെത്താൻ രജിസ്റ്റർ ചെയ്ത കേസിലെ ഏഴാം പ്രതിയായ ശ്രീകുമാർ നൽകിയ മുൻകൂർ ജാമ്യ ഹരജിയെ എതിർത്താണ് സി.ബി.ഐയുടെ വിശദീകരണം.
ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞർ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് തടഞ്ഞ് ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ വളർച്ച തടസ്സപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നും ദേശീയ താൽപര്യമുള്ള കേസാണിതെന്നും അസി. സോളിസിറ്റർ ജനറൽ മുഖേന നൽകിയ വിശദീകരണത്തിൽ പറയുന്നു. ചാരക്കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യാൻ കോടതി വിട്ടതെങ്കിലും ചോദ്യം ചെയ്തത് ഐ.ബിയാണ്. നമ്പിയടക്കമുള്ളവരെ പീഡിപ്പിച്ചാണ് വ്യാജ റിപ്പോർട്ടുകൾ ഉണ്ടാക്കിയത്. മറ്റൊരു പ്രതിയായ ശാസ്ത്രജ്ഞൻ ശശികുമാറിനെ ചോദ്യം ചെയ്തെന്ന് ശ്രീകുമാർ സമ്മതിക്കുന്നു.
1994 നവംബർ 22ന് പേരൂർക്കട പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്തതെന്നും ഉത്തരങ്ങൾ പറയാൻ വൈകിയാൽ തൊഴിച്ചും അടിച്ചും പീഡിപ്പിക്കുമായിരുന്നെന്നും ശശികുമാറിെൻറ മൊഴിയിലുണ്ട്. ഉദ്യോഗസ്ഥർ ഉപദ്രവിക്കുന്ന സമയത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് സിബി മാത്യൂസ്, ഡിവൈ.എസ്.പി ജോഷ്വാ തുടങ്ങിയവർക്കൊപ്പം ശ്രീകുമാറും ഉണ്ടായിരുന്നു. സിബി മാത്യൂസും ശ്രീകുമാറും നേരിട്ട് ഉപദ്രവിച്ചില്ല. എന്നാൽ, ചോദ്യം ചെയ്യുന്ന സംഘത്തിന് നിർദേശം നൽകിയിരുന്നെന്നും ജയപ്രകാശ്, പുന്നൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നെന്നും ശശികുമാറിെൻറ മൊഴിയിലുണ്ട്.
പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണവുമായി ഇവർ സഹകരിക്കില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് സി.ബി.ഐയുടെ ആവശ്യം. ശ്രീകുമാറിേൻറതിന് പുറമെ, ഒന്നും മൂന്നും പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ എസ്. വിജയൻ, തമ്പി.എസ്. ദുർഗാദത്ത്, പതിനൊന്നാം പ്രതി മുൻ ഡെപ്യൂട്ടി സെൻട്രൽ ഇൻറലിജൻസ് ഒാഫിസർ പി.എസ്. ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.