കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിലെ ഏഴാം പ്രതിയായ ഗുജറാത്ത് മുൻ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി. തിങ്കളാഴ്ച വരെയാണ് ശ്രീകുമാറിന്‍റെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസിൽ മുൻകൂർ ജാമ്യം തേടി ശ്രീകുമാർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് ആർ.ബി. ശ്രീകുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഐ.എസ്.ആര്‍.ഒ ചാരക്കേസിന്‍റെ സമയത്ത് ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ശ്രീകുമാർ.
ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുൻ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസിനെയും ആര്‍.ബി. ശ്രീകുമാറിനെയും നാലും ഏഴും പ്രതികളാക്കിയാണ് സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സിബി മാത്യൂസിനും ആര്‍.ബി. ശ്രീകുമാറിനും പുറമെ സിറ്റി പൊലീസ് കമീഷണറായിരുന്ന വി.ആര്‍ രാജീവന്‍, കെ.കെ. ജോഷ്വ അടക്കം കേരളാ പൊലീസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം 18 പേർ കേസില്‍ പ്രതികളാണ്. പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.
ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിലെ ഒന്നും രണ്ടും പ്രതികളായ മുൻ സ്പെഷല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടർ എസ്. വിജയൻ, എസ്.ഐ ആയിരുന്ന തമ്പി എസ്. ദുർഗാദത്ത് എന്നിവർക്ക് ഹൈകോടതി നേരത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കൂടാതെ, കേന്ദ്ര ഇന്റലിജന്‍സില്‍ ഓഫിസറായിരുന്ന 11ാം പ്രതി പി. എസ്. ജയപ്രകാശിനെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവിന്റെ കാലാവധി കോടതി വീണ്ടും നീട്ടുകയും ചെയ്തു.
ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐയുടെ വിശദ അന്വേഷണത്തിനെതിരെ ഗുജറാത്ത് മുൻ ഡി.ജി.പി ആയിരുന്ന ആർ.ബി ശ്രീകുമാർ ഉൾപ്പടെയുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു. നമ്പി നാരായണനെതിരെ കേസ് എടുത്തത് താനെന്ന് സ്ഥാപിച്ച് ക്രിമിനൽ കേസിൽ കുടുക്കാൻ ശ്രമമെന്നും ശ്രീകുമാർ ആരോപിച്ചിരുന്നു.
മുൻ സ്പെഷല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടർ എസ്. വിജയൻ നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1994ല്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.