തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലേക്കുള്ള 28 ബി ബാച്ച് എസ്.ഐമാരുടെ പാസിങ്ഔട്ട് പരേഡ് വൈകുന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെൻകുമാറുമായി വേദിപങ്കിടുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള അതൃപ്തിയാണ് പാസിങ്ഔട്ട് പരേഡ് വൈകാൻ കാരണം.
മുഖ്യമന്ത്രിയും പൊലീസ് മേധാവിയും തമ്മിലെ ശീതയുദ്ധം തുടരുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾ നീളുന്നത് തൃശൂർ പൊലീസ് അക്കാദമി അധികൃതരെയും പ്രതിസന്ധിയിലാക്കുന്നു. മാവോവാദി ഭീഷണി നേരിടുന്നതിന് ആഭ്യന്തര മന്ത്രാലയം രൂപവത്കരിച്ച കേരള ആൻറി ടെററിസ്റ്റ് സ്ക്വാഡിെൻറ (ക്യാറ്റ്) ആദ്യ പരിശീലനം ലഭിച്ച ബാച്ചാണ് പരേഡും കാത്തുകഴിയുന്നത്.
സാധാരണഗതിയിൽ പരിശീലനം പൂർത്തിയാക്കി പത്തു ദിവസത്തിനുള്ളിൽ പാസിങ്ഔട്ട് പരേഡ് നടത്തണം. തുടർന്ന് എസ്.ഐമാരെ വിവിധ സ്റ്റേഷനുകളിൽ പരിശീലനത്തിന് അയക്കാറാണ് പതിവ്. സെൻകുമാറിെൻറ സർവിസ് കാലാവധി ജൂൺ 30ന് അവസാനിക്കും. ഇത് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നതത്രെ. 2016 മേയിലാണ് 186 പേരടങ്ങുന്ന ബാച്ചിെൻറ പരിശീലനം തൃശൂർ പൊലീസ് അക്കാദമിയിൽ ആരംഭിച്ചത്. ഒരു വർഷമാണ് പരിശീലനം.
ഏപ്രിലിൽ 11 മാസം പൂർത്തിയായപ്പോൾതന്നെ പൊലീസ് അക്കാദമി ഡയറക്ടർ കെ. പത്മകുമാർ പരേഡ് നടത്തുന്നതിന് ദിവസം അറിയിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. മേയ് രണ്ടാംവാരം പരേഡ് നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പും നൽകി. എന്നാൽ, മേയ് ആറിന് സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ സെൻകുമാർ പൊലീസ് മേധാവിയായി തിരിച്ചെത്തി. സർക്കാറിനോട് നിയമയുദ്ധം നടത്തിയ സെൻകുമാറിനോടൊപ്പം വേദിപങ്കിടാൻ തയാറല്ലാത്ത മുഖ്യമന്ത്രി ചടങ്ങ് മാറ്റിവെക്കാൻ നിർദേശിക്കുകയായിരുന്നു. മുഖ്യമന്ത്രി സർക്കാറിെൻറ ഒന്നാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും ജൂൺ 30 കഴിഞ്ഞ് മറ്റ് പരിപാടികളെക്കുറിച്ച് ആലോചിക്കാമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.