തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കൂടുതൽ പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. 164 ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തി ഓരോ കേസിന്റെയും വിചാരണ നടപടി ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സിദ്ദീഖിനെതിരായ പരാതിയിൽ വ്യാഴാഴ്ച ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. അശ്വതി രണ്ട് മണിക്കൂറോളം രഹസ്യമൊഴിയെടുത്തു. ജയസൂര്യക്കെതിരെ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസിൽ തിങ്കളാഴ്ച രഹസ്യമൊഴിയെടുക്കും. എറണാകുളത്ത് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിലും രഹസ്യമൊഴിക്കുള്ള അപേക്ഷ നൽകി. വിചാരണ ഘട്ടത്തിൽ മൊഴി മാറ്റാനുള്ള സാധ്യത ഒഴിവാക്കാനും പരാതിക്കാരെ അനാവശ്യമായ ക്രോസ് വിസ്താരത്തിൽനിന്ന് സംരക്ഷിക്കാനുമാണ് അന്വേഷണസംഘം മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി 164ാം വകുപ്പ് ഉപയോഗപ്പെടുത്തുന്നത്.
പത്ത് കേസാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. അഞ്ച് പുതിയ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലപ്പെടുത്താൻ ഡി.ജി.പി അനുമതി നൽകി. അന്വേഷണസംഘത്തിലെ വനിത ഉദ്യോഗസ്ഥരായ അജീത ബീഗം, ജി. പൂങ്കുഴലി, ഐശ്വര്യ ഡോഗ്രെ എന്നിവരുടെ നേതൃത്വത്തിൽ പത്ത് സംഘങ്ങളായിട്ടാകും ഓരോ കേസും അന്വേഷിക്കുക. നാല് ഡിവൈ.എസ്.പിമാർ, ആറ് എസ്.എച്ച്.ഒമാർ എസ്.ഐമാർ എന്നിങ്ങനെ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തി. ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ അസിസ്റ്റന്റ് ഡയറക്ടർ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലും തുടർ നടപടി ഉണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.