രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് കോൺഗ്രസല്ല ആര് പോയാലും പ്രശ്നമില്ല -ജിഫ്രി തങ്ങൾ

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ആര് പോയാലും സമുദായത്തിന്‍റെ വികാരം വ്രണപ്പെടില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയുടെ നിലപാട് പത്രമല്ല, സമസ്തയുടെ ഉത്തരവാദപ്പെട്ടവരാണ് പറയുകയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഓരോ രാഷ്ട്രീയ കക്ഷികൾക്കും അവരുടെ രാഷ്ട്രീയ നയമനുസരിച്ച് ക്ഷണിക്കപ്പെടുമ്പോൾ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. കോൺഗ്രസ് എന്നല്ല ആര് പോയാലും സമുദായത്തിന്‍റെ വികാരത്തിന് ഒരു പ്രശ്നവുമില്ല. സമുദായത്തിന്‍റെ വികാരം ഞങ്ങൾ നോക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പത്രം തന്നെയാണ് സുപ്രഭാതം. പക്ഷേ, എഡിറ്റോറിയലിൽ വരുന്നതെല്ലാം സമസ്തയുടെ അഭിപ്രായം എന്ന് പറയാൻ പറ്റില്ല. സമസ്തയുടെ അഭിപ്രായം അതിന്‍റെ ഉത്തരവാദപ്പെട്ട ആളുകളല്ലേ പറയേണ്ടത് -ജിഫ്രി തങ്ങൾ പറഞ്ഞു.

മതവിശ്വാസത്തിന് എതിരാവാത്ത ഏത് ആഘോഷത്തിലും വിശ്വാസികൾക്ക് പങ്കെടുക്കാമെന്നും തങ്ങൾ പറഞ്ഞു. ഇതര മതസ്ഥർ അവരുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തുന്ന ആഘോഷങ്ങളിൽ ആ വിശ്വാസം ഉൾക്കൊണ്ട് പങ്കെടുക്കാൻ പാടില്ലെന്ന് എം.ടി. അബ്ദുല്ല മുസ്‌ലിയാർ വിശദീകരിച്ചു.

2026 ഫെബ്രുവരിയിൽ നടക്കുന്ന നൂറാം വാർഷികത്തോടനുബന്ധിച്ച് രണ്ടു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് സമസ്ത സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഉദ്ഘാടനം 2024 ജനുവരി 28ന് ബംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കും. കർണാടക മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വലിയ ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ബഹാഉദ്ദീൻ നദ്‍വി എന്നിവരും പങ്കെടുത്തു.

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് വിവിധ പാർട്ടികൾക്കും നേതാക്കൾക്കും ക്ഷണം ലഭിച്ചിരുന്നു. സി.പി.എം, തൃണമൂൽ കോൺഗ്രസ് അടക്കം ഏതാനും പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ, കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തേക്കുമെന്ന വാർത്തകൾ വന്നു. ഇതിനെതിരെ രൂക്ഷ വിമർശനം എഡിറ്റോറിയലിലൂടെ സുപ്രഭാതം പത്രം നടത്തിയിരുന്നു.

കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാട് തന്നെയാണെന്നും ക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് പറയാൻ യെച്ചൂരി കാണിച്ച ആർജവമാണ് സോണിയഗാന്ധി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും എഡിറ്റോറിയലിൽ പറഞ്ഞിരുന്നു. ഒരു വിഭാഗത്തിന്‍റെ ആരാധനാലയത്തിന്‍റെ തറയടക്കം മാന്തിയെറിഞ്ഞ് അവിടെ മുഷ്ക് മുടക്കി സ്ഥാപിച്ച ആരാധനാലയത്തിന്‍റെ ‘കുറ്റൂശ’ക്ക് പങ്കെടുക്കുമെന്നോ ഇല്ലെന്നോ പറയാതെ പറയുന്ന ആശയക്കുഴപ്പത്തിലേക്ക് ഒട്ടകപ്പക്ഷിയെപ്പോലെ തലപൂഴ്ത്തുകയല്ല കോൺഗ്രസ് ചെയ്യേണ്ടതെന്നും വിമർശിച്ചിരുന്നു. പിന്നാലെ, രാമക്ഷേത്ര ഉദ്ഘാടനമെന്ന പേരിൽ ബി.ജെ.പി രാഷ്ട്രീയമായി മുതലെടുപ്പാണ് നടത്തുന്നതെന്നും ഇത് പാർട്ടികൾ തിരിച്ചറിയണമെന്നും അതനുസരിച്ച് നിലപാട് എടുക്കണമെന്നും രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം മുസ്ലിം ലീഗ് നേതാക്കളും പ്രതികരിച്ചിരുന്നു.

Tags:    
News Summary - It doesn't matter who goes to the Ram temple ceremony says Jifri Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.