കൊല്ലം: ‘ഞങ്ങൾ പണിമുടക്കിനിറങ്ങിയാൽ കുട്ടികൾ പഠിക്കാൻ വരാതാകും, സാധാരണക്കാർക്ക് കലയുടെ വഴിയിൽ കൈത്താങ്ങാകുന്ന ഈ സ്ഥാപനം തന്നെ പൂട്ടിപ്പോകും. സ്ഥാപനത്തിന് പൂട്ടുവീഴാൻ ഇടവരുത്തരുതെന്ന ആഗ്രഹമുള്ളത് കൊണ്ടുമാത്രമാണ് ഈ ദുരിതത്തിലും ഞങ്ങൾ പണിയെടുക്കുന്നത്. പക്ഷേ, ഇനിയും പട്ടിണി കിടക്കാൻ ഞങ്ങൾക്ക് വയ്യ. ഇനിയെങ്കിലും ശമ്പളം തരണം’ -പറയുന്നത് ഒരു അധ്യാപകനാണ്. കലയെ നെഞ്ചോട് ചേർത്ത്, പുതുതലമുറക്ക് കലയറിവ് പകർന്നുനൽകുന്നതിൽ ജീവിതം കണ്ടെത്തുന്ന ഒരുകൂട്ടം കലാധ്യാപകരാണ്. കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള കലാപഠനം ഉറപ്പുനൽകുന്ന സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം ജവഹർ ബാലഭവനിലെ ഈ അധ്യാപകർക്കൊപ്പം അനധ്യാപക ജീവനക്കാർകൂടി ചേരുമ്പോൾ 25 പേരാണ് കഴിഞ്ഞ 11 മാസമായി ശമ്പളമില്ലാതെ ദുരിതത്തിൽ തള്ളിനീക്കുന്നത്.
ഒരാഴ്ചക്കപ്പുറം ഓണമെത്തുമ്പോൾ തങ്ങളുടെ കുടുംബങ്ങൾ എങ്ങനെ കഴിയുന്നു എന്നുപോലും സർക്കാർ തിരക്കുന്നില്ലെന്ന വേദനയാണ് ബാലഭവൻ ജീവനക്കാർ പങ്കുവെക്കുന്നത്. മൂന്നരവർഷത്തിലധികമായി തുടരുന്ന പ്രതിസന്ധിയിൽ, കഴിഞ്ഞ ഒക്ടോബർ മുതലാണ് ശമ്പളം ഈ വിധം മുടങ്ങിയത്. ഒരുവർഷം അടുക്കാറായിട്ടും അതിന് പരിഹാരമായിട്ടില്ല.
സംസ്ഥാനത്തെ അഞ്ച് ജവഹർ ബാലഭവനുകളിൽ ഏറ്റവും കൂടുതൽ അധ്യാപകരും പാഠ്യവിഷയങ്ങളുമായി മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന ബാലഭവനുകളിലൊന്നാണ് കൊല്ലത്തേത്. ശാസ്ത്രീയ സംഗീതം, വീണ, മൃദംഗം, ക്ലാസിക്കൽ ഡാൻസ്, ഗിറ്റാർ, വയലിൻ, ചിത്രരചന, തബല, യോഗ, കീബോർഡ്, തയ്യൽ ആൻഡ് എംബ്രോയിഡറി, ക്രാഫ്റ്റ് വിഷയങ്ങളും നഴ്സറി സ്കൂളുമാണ് ഉള്ളത്. 14 അധ്യാപകരും 11 ഇതരജീവനക്കാരും. പ്രതിമാസം 350 രൂപ മാത്രം മുടക്കി രണ്ട് കലാവിഷയങ്ങൾ മികവുറ്റ രീതിയിൽ പഠിക്കാൻ കഴിയുന്ന സ്ഥാപനത്തിൽ നിലവിൽ കുട്ടികൾ ഉൾപ്പെടെ 388 പേരാണ് കല അഭ്യസിക്കുന്നത്.
തനത് വരുമാനം തീരെ കുറവായതിനാൽ സർക്കാർ അനുവദിക്കുന്ന ഗ്രാന്റാണ് ബാലഭവനുകളുടെ നിലനിൽപിന് ആശ്രയം. ശമ്പള ചെലവിന് ഉൾപ്പെടെ പ്രതിവർഷം രണ്ട് കോടിയാണ് അഞ്ച് ബാലഭവനുകൾക്കും കൂടി സർക്കാർ അനുവദിക്കുന്നത്. വർഷങ്ങളായി തുടരുന്ന ഈ തുകയിൽ 42 ശതമാനവും തിരുവനന്തപുരത്തെ ബാലഭവനാണ് ലഭിക്കുന്നത്. 17.5 ശതമാനമാണ് കൊല്ലത്തിന് കിട്ടുന്നത്. ആലപ്പുഴയിലും കോട്ടയത്തും തൃശൂരും പിന്നെയും കുറയും. 3526000 രൂപയാണ് കൊല്ലം ബാലഭവന് മൂന്ന് ഗഡുക്കളായി എല്ലാവർഷവും ലഭിക്കുന്നത്.
ശമ്പളവും പി.എഫും മാത്രമാണ് ജീവനക്കാർക്ക് നൽകേണ്ടത്. മറ്റ് യാതൊരു ആനുകൂല്യങ്ങളുമില്ല. 2017ൽ ശമ്പളപരിഷ്കരണം വരുന്നതുവരെ ഈ തുകയിൽ കാര്യങ്ങൾ കൃത്യമായി നടന്നിരുന്നു. ഏറെ വർഷങ്ങൾക്കുശേഷം നടന്ന ആ ശമ്പളപരിഷ്കരണത്തിലൂടെ അധികമായി ആവശ്യമായിവന്ന തുക പക്ഷേ സർക്കാർ വകയിരുത്തിയില്ല. അതിനുശേഷമുള്ള ബജറ്റുകളും ഇവരെ പരിഗണിച്ചില്ല. ഇതോടെ ശമ്പളത്തിന് ഗ്രാൻറ് തികയാത്ത അവസ്ഥവരികയായിരുന്നു. ഇത്തവണ ഇനി 23 ലക്ഷം രൂപ മാത്രമാണ് അനുവദിച്ച ഗ്രാന്റിൽ കൊല്ലത്തിന് ലഭിക്കാനുള്ളത്. അതേസമയം, 11 മാസത്തെ ശമ്പള കുടിശ്ശിക 60 ലക്ഷത്തിലേക്ക് ഉയർന്നുകഴിഞ്ഞു. സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കാതെ ഈ കുടിശ്ശിക മുഴുവൻ വിതരണം ചെയ്യാനാകില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ഈ വർഷത്തെ ഗ്രാന്റിൽ ബാക്കിയുള്ള തുക പെട്ടെന്ന് അനുവദിക്കാനുള്ള പുതിയ മാനേജ്മെന്റ് കമ്മിറ്റിയുടെ ശ്രമങ്ങൾക്കുപോലും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. ഇതിനകം 70ഓളം പരാതികളാണ് പലയിടങ്ങളിലായി ജീവനക്കാർ കൊടുത്തത്. അടുത്ത ബജറ്റിലെങ്കിലും തങ്ങളുടെ ദുരിതം കാണാൻ ധനമന്ത്രി കണ്ണ് തുറക്കണമെന്ന അപേക്ഷയാണ് ജീവനക്കാർ മുന്നോട്ടുവെക്കുന്നത്. കാലാനുസൃതമായി ഗ്രാന്റ് തുക വർധിപ്പിക്കണമെന്നും തുക അനുവദിക്കുന്നത് സ്ഥാപനത്തിന്റെ ജീവനക്കാരുടെ എണ്ണത്തിനനുസൃതമാകണമെന്നും അവർ ആവശ്യപ്പെടുന്നു.
തിരുവനന്തപുരത്തിന് 42 ശതമാനം നൽകുമ്പോൾ അത്രത്തോളം ജീവനക്കാരുള്ള കൊല്ലത്തിന് വെറും 17 ശതമാനം നൽകുന്നത് കടുത്ത അനീതിയാണ്. ഗ്രാന്റ് നൽകുന്നതിലെ ഈ വേർതിരിവ് ഒഴിവാക്കിയാൽതന്നെ മറ്റ് നാല് ബാലഭവനുകളുടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ ഓണം പട്ടിണിയിൽ മുങ്ങുമ്പോൾ തിരുവോണ ദിനത്തിൽ കൊല്ലം ബാലഭവന് മുന്നിൽ ധർണ നടത്തി തങ്ങളുടെ പ്രതിഷേധമുയർത്താനുള്ള തയാറെടുപ്പിലാണ് ജീവനക്കാർ. ജീവിതദുരിതം താങ്ങാനാകാത്ത സ്ഥിതിയിലായിരിക്കെ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.