കോട്ടയം: വിജയപുരം പഞ്ചായത്തിലെ 13ാംവാർഡിൽ ആനത്താനം കുന്നുംപുറത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങിയിട്ട് 24 ദിവസം. ക്രിസ്മസിനു മുമ്പാണ് വെള്ളം വരാതായത്. പരാതി പറഞ്ഞപ്പോൾ മോട്ടോർ തകരാറിലാണെന്ന് പറഞ്ഞു. മോട്ടോർ നന്നാക്കിയിട്ടും വെള്ളമെത്തിയില്ല.
പൈപ്പ് പൊട്ടിയതാണ് കാരണമെന്നാണ് ഇപ്പോൾ പറയുന്നത്. എവിടെയാണ് ചോർച്ചയെന്ന് കണ്ടെത്തിയിട്ടുമില്ല. സെമിനാരിക്കുന്ന് കുടിവെള്ള പദ്ധതിയിൽനിന്നാണ് ഇവർക്ക് വെള്ളം നൽകുന്നത്. 20 കുടുംബമാണ് കുന്നുംപുറത്തുള്ളത്. വെള്ളമില്ലാത്തതിനാൽ ജീവിതം തന്നെ താളംതെറ്റിയ അവസ്ഥയാണ്. പലർക്കും ജോലിക്കു പോകാൻ സാധിക്കുന്നില്ല. പശുവിനു കൊടുക്കാൻപോലും വെള്ളമില്ല.
പത്തായത്ത് അംഗത്തെ വിളിച്ചു പരാതി പറഞ്ഞതോടെ മൂന്നു നാലുതവണ വാഹനത്തിൽ വെള്ളമെത്തിച്ചു. ഭൂരിഭാഗം വീടുകളിലും കിണറില്ല. കിണറുള്ളയിടത്ത് വെള്ളം കുറവാണ്. എപ്പോൾ വരുമെന്നറിയാത്തതിനാൽ പൈപ്പിൻചോട്ടിൽ കാത്തിരിക്കുകയാണ് വീട്ടമ്മമാർ. ചൊവ്വാഴ്ച രാവിലെ അഞ്ചാറുകുടം വെള്ളം കിട്ടി, പിന്നെ നിലച്ചു. വെള്ളൂപ്പറമ്പ് പമ്പ് ഹൗസിൽനിന്നാണ് ഇവിടത്തേക്ക് വെള്ളം വിതരണം ചെയ്യുന്നത്.
ഉയർന്ന പ്രദേശമായതിനാൽ വെള്ളം എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലമാണിത്. ജൽജീവൻ മിഷനിൽ വെള്ളം നൽകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വാട്ടർഅതോറിറ്റിയുടെ പൈപ്പ് മാത്രമാണ് കുടുംബങ്ങളുടെ ആശ്രയം. പുതിയ പദ്ധതി മാത്രമാണ് പ്രശ്നത്തിനുള്ള പരിഹാരം.
ഭൂജലവകുപ്പ് കുന്നുംപുറത്ത് കുഴൽക്കിണർ കുഴിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.