അരിക്കൊമ്പന്‍റെ കാര്യത്തിൽ കേരളത്തിന്‍റെ നിലപാട് ശരിയെന്ന് തെളിഞ്ഞു -മന്ത്രി ശശീന്ദ്രൻ

കോഴിക്കോട്: അരിക്കൊമ്പൻ വിഷയത്തിൽ കേരള സര്‍ക്കാര്‍ എടുത്ത നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങളെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. അരിക്കൊമ്പനെ സംരക്ഷിക്കണമെന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാറിന്. ഇത് സമൂഹത്തിലെ ഒരു വിഭാഗം അംഗീകരിച്ചില്ല. പരിസ്ഥിതി സ്നേഹം നടിക്കുന്നവര്‍ക്ക് ഈ സംഭവം ഒരു പാഠമാണെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിെവച്ച് പിടികൂടിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഉള്‍വനത്തിലേക്ക് തുറന്നു വിട്ടാലും ആന ജനവാസ മേഖലയിലേക്ക് വരുമെന്ന് തെളിഞ്ഞു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും കേരളമായാലും തമിഴ്‌നാടായാലും തുടര്‍നടപടികള്‍ സ്വീകരിക്കുക. അരിക്കൊമ്പന്‍ കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പുപറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് പുലർച്ചെയാണ് അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പിന്‍റെ ദൗത്യസംഘം മയക്കുവെടി വെച്ച് പിടികൂടിയത്. ജനവാസമേഖലയിലിറങ്ങിയതിനെ തുടർന്ന് തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്തുവെച്ച് പുലർച്ചെ 2.30ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നത്.

ഇത് രണ്ടാംതവണയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നത്. നേരത്തെ, ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. എന്നാൽ, ഇവിടെ നിന്ന് സംസ്ഥാനാതിർത്തി കടന്ന് ആന തമിഴ്നാട്ടിലെത്തുകയായിരുന്നു. 

Tags:    
News Summary - It has been proved that Kerala's position is correct in the case of arikkomban - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.