കോഴിക്കോട്: യു.ഡി.എഫിലേക്ക് മറ്റ് പാർട്ടികളെ സ്വാഗതം ചെയ്യേണ്ടത് കോൺഗ്രസിന്‍റെ ഉത്തരവാദിത്തമാണെന്ന് മുസ് ലിം ലീഗ് ഉന്നതാധികാര സമിതിയംഗം എം.കെ. മുനീർ എം.എൽ.എ. ഈ വിഷയത്തിലെ അന്തിമ തീരുമാനം യു.ഡി.എഫിന്‍റേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്നണിയിലേക്ക് ക്ഷണിക്കുന്നത് പൊതുതത്വത്തിന്‍റെ ഭാഗമായാണ്. ഫാഷിസ്റ്റ് സർക്കാറിനെ താഴെയിറക്കാൻ വേണ്ടി വിശാല പ്രതിപക്ഷ ഐക്യം വേണമെന്ന് ദേശീയ തലത്തിൽ ആഗ്രഹിക്കുന്നത് പോലെ കേരളത്തിലും ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും മുനീർ പറഞ്ഞു.
സി.പി.എം ഒഴിച്ചുള്ള എൽ.ഡി.എഫിലെ എല്ലാ പാർട്ടികളെയും സ്വാഗതം ചെയ്യുന്നു. സി.പി.ഐ അസ്വസ്ഥരാണ്. എൽ.ഡി.എഫിൽ അസ്വസ്ഥരായ എല്ലാ പാർട്ടികളെയും യു.ഡി.എഫിലേക്ക് കൊണ്ടു വരുമെന്നാണ് കോൺഗ്രസ് പറഞ്ഞതെന്നും എം.കെ. മുനീർ വ്യക്തമാക്കി.
നേരത്തെ, എൽ.ഡി.എഫിലെ അതൃപ്തരെ യു.ഡി.എഫിൽ എത്തിക്കാൻ പരിശ്രമിക്കാനുള്ള കെ.പി.സി.സിയുടെ നവസങ്കൽപ് ചിന്തൻ ശിബിരത്തിലെ തീരുമാനത്തിനെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫിലെ അതൃപ്തർ ആരൊക്കെയെന്ന് കെ.പി.സി.സി വ്യക്തമാക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. യു.ഡി.എഫ് ആരെയും പറഞ്ഞുവിട്ടിട്ടില്ല. അജണ്ടയുടെ അടിസ്ഥാനത്തിലാണ് ചിലർ എൽ.ഡി.എഫിലേക്ക് പോയതെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.