കോഴിക്കോട്: കോട്ടയം ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷിനെതിരെ കെ. മുരളീധരൻ. തരൂരിന്‍റെ പരിപാടി അറിയിച്ചില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞത് ശരിയായില്ല. തരൂർ അച്ചടക്കം ലംഘിച്ചില്ലെന്നാണ് തിരുവഞ്ചൂർ പറഞ്ഞത്. തരൂരിന്‍റെ പരിപാടിയിൽ തിരുവഞ്ചൂർ പങ്കെടുക്കാതിരുന്നത് ശരിയാണെന്നും മുരളീധരൻ പറഞ്ഞു.
കോട്ടയം ജില്ലയിലെ പരിപാടിയെ കുറിച്ച് ശശി തരൂർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നായിരുന്നു നാട്ടകം സുരേഷിന്‍റെ പ്രതികരണം. ഡി.സി.സിയെ അറിയിച്ചെന്ന പ്രസ്താവന തെറ്റിദ്ധാരണാജനകമാണ്. തരൂരിന്റെ ഓഫിസിൽ നിന്നെന്ന പേരിൽ ഫോൺ കോൾ വന്നിരുന്നു. എന്നാൽ കാര്യം വിശദീകരിക്കാതെ കോൾ കട്ട് ചെയ്‌തെന്നും നാട്ടകം സുരേഷ് ഇന്നലെ പറഞ്ഞിരുന്നു.
കോട്ടയത്തിന് പുറമെ പത്തനംതിട്ട ഡി.സി.സിയും തരൂരിനെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ ഡി.സി.സികളെ അറിയിച്ചു എന്നാണ് തരൂരിന്‍റെ വിശദീകരണം.
പാലാ: കേരളത്തിന്‍റെ സ്വപ്ന മുഖ്യമന്ത്രിയാണ് തരൂരെന്ന് കെ.എം. ചാണ്ടി ഫൗണ്ടേഷന്‍ ചെയര്‍മാനും എം.ജി യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. സിറിയക് തോമസ്. ശനിയാഴ്ച പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കെ.എം. ചാണ്ടി ഫൗണ്ടേഷന്‍ അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്ന മുഖ്യമന്ത്രിയെന്ന് ഡോ. സിറിയക് തോമസ് പരാമര്‍ശിച്ചപ്പോള്‍ ഡോ. ശശി തരൂര്‍ ഇരുകൈയും കൊണ്ട് സ്വന്തം കണ്ണുകള്‍ തൊട്ടുതൊഴുതു. ഇനി വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ മത്സരിക്കാന്‍ ഡോ. തരൂരിനെ ക്ഷണിച്ച സിറിയക് തോമസ് അതിന് കഴിയില്ലെങ്കില്‍ പാലായിലോ പൂഞ്ഞാറിലോ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാമെന്നും ചൂണ്ടിക്കാട്ടി. നിലവിലെ പാലാ എം.എല്‍.എ മാണി സി. കാപ്പനെ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമാക്കാം.
പൂഞ്ഞാറില്‍നിന്ന് ജയിച്ച സ്ഥാനാർഥികള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിവരെയായ ചരിത്രമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഡോ. സിറിയക് തോമസ് മറ്റേതെങ്കിലും മണ്ഡലത്തില്‍ ശശി തരൂരിന് ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കില്‍ പാലാക്കോ പൂഞ്ഞാറിനോ വരാമെന്നും തുടര്‍ന്നു. ഇതോടെ സദസ്സില്‍നിന്ന് നിലക്കാത്ത കൈയടി ഉയര്‍ന്നു. എന്നാല്‍, സിറിയക് തോമസിന്‍റെ നല്ല വാക്കുകളെയൊക്കെ പൊട്ടിച്ചിരിയോടെ സ്വാഗതം ചെയ്ത ഡോ. തരൂര്‍ തന്‍റെ പ്രഭാഷണത്തില്‍ ഇതുസംബന്ധിച്ച് പ്രതികരിക്കുകയോ രാഷ്ട്രീയം പറയുകയോ ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.