‘മുഖത്തടിച്ചിട്ട് അത് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ല, മാര്‍ക്‌സിസ്റ്റുകാര്‍ മാത്രം വോട്ടു ചെയ്താല്‍ ജയിക്കാനാവുമോ?’-ജി. സുധാകരന്‍

ആലപ്പുഴ: ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യരായിരിക്കണമെന്നും മാര്‍ക്‌സിസ്റ്റുകാര്‍ മാത്രം വോട്ടു ചെയ്താല്‍ തെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ലെന്നും സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. ആലപ്പുഴയില്‍ എൻ.ബി.എസിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാറുപേർ കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ?. അങ്ങനെ പാര്‍ട്ടി വളരുമെന്നാണ് ചിലര്‍ കരുതുന്നത്, തെറ്റാണത്. ഇങ്ങനെയൊന്നുമല്ലെന്ന് അറിയാവുന്നത് കൊണ്ടാണ് പറയുന്നത്. പാര്‍ട്ടിക്ക് വെളിയിലുള്ളവര്‍ക്ക് നമ്മള്‍ സ്വീകാര്യനല്ലെങ്കില്‍ അസംബ്ലിയില്‍ നിങ്ങളെങ്ങനെ ജയിക്കുമെന്നും അദ്ദേഹം ചോദിച്ചു.

‘മാര്‍ക്‌സിസ്റ്റുകാര്‍ മാത്രം വോട്ടു ചെയ്താല്‍ ജയിക്കാന്‍ പറ്റുമോ? അത് അപൂര്‍വം മണ്ഡലങ്ങളിലേയുള്ളൂ. കണ്ണൂരിലെങ്ങാനും ഉണ്ടെങ്കിലേയുള്ളൂ. ആലപ്പുഴയിലെങ്ങുമില്ല. മറ്റുള്ളവര്‍കൂടി ചെയ്യണം. അങ്ങനെയാണ് പ്രസ്ഥാനം പറഞ്ഞിട്ടുള്ളതും. അപ്പോള്‍ നമ്മള്‍ അങ്ങനെ തന്നെ വേണം. മറ്റുള്ളവര്‍ക്ക് കൂടി സ്വീകാര്യനാകണം. രാജ്യത്ത് 12 ശതമാനം ആയിരുന്ന കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ 2.5 ശതമാനമായി. കേരളത്തിൽ 47 ശതമാനമാണ്. അതുകൊണ്ട് ശാന്തമായി ക്ഷമയോടെ നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരമെല്ലാം മാറ്റി ഒരുപാട് മുന്നോട്ട് പോകേണ്ട ഒരു പ്രസ്ഥാനമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. ഓരോ വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം മതിയെന്നും പറയുന്നത് ശരിയല്ല’ -സുധാകരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - It is not correct to slap the face and say it is a revolution -G. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.