കോഴിക്കോട്: മുസ്ലിം ലീഗിന്‍റെ എൽ.ഡി.എഫ് പ്രവേശനം സംബന്ധിച്ച് പ്രതികരണവുമായി മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാലും ലീഗിനെ എൽ.ഡി.എഫിലേക്ക് കൊണ്ടുവരുക സാധ്യമല്ലെന്ന് പാലോളി മുഹമ്മദ് കുട്ടി ചൂണ്ടിക്കാട്ടി. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിലാണ് പാലോളി പാർട്ടി നിലപാട് വ്യക്തമാക്കിയത്.
മുസ്‍ലിംലീഗിന്റെ നിലപാടിനോട് സി.പി.എമ്മിന് യോജിക്കാനാകില്ല. ലീഗിന് ന്യൂനപക്ഷ വിഷയത്തിൽ ശക്തമായ നിലപാടില്ല. ബാബരി മസ്ജിദ് വിഷയത്തിൽ പാണക്കാട് സാദിഖലി തങ്ങൾ നടത്തിയ പ്രസ്താവന നമ്മൾ കണ്ടതാണല്ലോ.
അതിനും മുമ്പ് ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ, കോൺഗ്രസുമായി ഇനി ബന്ധമില്ലെന്ന് ഇബ്രാഹിം സുലൈമാൻ സേട്ട് പ്രഖ്യാപിച്ചു. എന്നാൽ, തൊട്ടടുത്ത ദിവസംതന്നെ പി.കെ. കുഞ്ഞാലിക്കുട്ടി കോൺഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തു. ഇതാണ് ലീഗിന്റെ നിലപാട്.
മുസ്‌ലിം ജനവിഭാഗം ഇന്ത്യയുമായി ചേർന്നുനിൽക്കണമെന്ന് അന്ന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ, ബി.ജെ.പി അധികാരത്തിൽ വന്നതോടെ എല്ലാം മാറിമറിഞ്ഞു. പാക് വിഭജനത്തിനു കാരണം മുസ്‍ലിംകളാണെന്ന പ്രചാരണമല്ലേ അവർ നടത്തുന്നത്. അതിന് വഴിവെച്ചവരല്ലേ ലീഗുകാർ.
ലീഗിനെ എങ്ങനെ എൽ.ഡി.എഫിലേക്ക് കൊണ്ടുവരും? കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാലും അത് സാധ്യമല്ല. ലീഗുമായി മുമ്പ് തെരഞ്ഞെടുപ്പ് ധാരണയുണ്ടായിരുന്നു എന്നത് ശരിതന്നെ. അത് പക്ഷേ രാഷ്ട്രീയ ഒത്തുചേരലായിരുന്നില്ല, താൽക്കാലിക ധാരണ മാത്രമായിരുന്നുവെന്നും പാലോളി മുഹമ്മദ് കുട്ടി അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.