മാനന്തവാടി എടവകയിൽ പ്രളയ ഫണ്ട് തട്ടിപ്പിന് വ്യാജ ബില്ലുകൾ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്

കോഴിക്കോട് : മാനന്തവാടി താലൂക്കിലെ പനമരത്തെപ്പോലെ എടവക വില്ലേജിലും വ്യാജ ബില്ലുകൾ ഉപയോഗിച്ചു 2019 ലെ പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് ധനകാര്യ  പരിശോധനാ റിപ്പോർട്ട്. ഒമ്പത് ബില്ലുകളിൽ ക്രമക്കേട് നടന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. പാണ്ടിക്കടവ് പുഴയ്ക്കൽ തഖ് വിയ്യത്തുൽ ഇസ് ലാം കമ്മിറ്റിയിൽനിന്നും വാടകക്കെടുത്ത ഉപകരണങ്ങൾക്ക് 7040 രൂപ തഹസിൽദാർ പാസാക്കി.

ഈ തുക പാസാക്കിയത് 2020 മാർച്ചിലാണ്. എന്നാൽ, ലഭിച്ചിട്ടില്ലെന്ന് 2020 ഒക്ടോബറിൽ കമ്മിറ്റി പ്രസിഡന്റ് മൊഴി നൽകി. ചുണ്ടമുക്കിലെ സ്റ്റാർ ലൈറ്റ് ആൻഡ് സൗണ്ട് എന്ന സ്ഥാപനത്തിന് 61,950 രൂപ പാസാക്കി. എന്നാൽ അവർക്ക് ലഭിച്ചത് 10,000 ൽ താഴെ രൂപയാണ്. വെളളമുണ്ടയിലെ ഹിറ ലൈറ്റ് ആൻഡ് സൗണ്ട് എന്ന സ്ഥാപനത്തിന് 32,250 രൂപയും ഗ്രാൻറ് ഇവൻറസ് എന്ന സ്ഥാപനത്തിന് 19,700 രൂപയും പാസാക്കി. വില്ലേജ് ഓഫീസറുടെ വിശദീകരണ പ്രകാരം ഈ രണ്ട് സ്ഥാപനങ്ങൾക്കും തുക നൽകി. എന്നാൽ, രണ്ട് സ്ഥാപനത്തിന്റെയും ലെറ്റർ ഹെഡിലുളള ബില്ലുകൾ സമർപ്പിച്ചിട്ടില്ല.

പാണ്ടിക്കടവ് എന്ന സ്ഥലത്തെ ആവ വട്ടക്കുളം എന്ന വ്യക്തിയുടെ പേരിൽ 10,000 രൂപ പാസാക്കി. പാചകം ചെയ്തതിന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ആവ മൊഴി നൽകി. റോയൽ സിൻഡിക്കേറ്റ് എന്ന് സ്ഥാപനത്തിന് പാസാക്കി നൽകിയെന്നവകാശപ്പെടുന്ന 3795, 3796, 3797 നമ്പർ ബില്ലുകൾ ഒരു സർക്കാർ ഓഫീസുകളിലേക്കും കൊടുത്തിട്ടില്ലെന്ന് സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റർ മൊഴി നൽകി.

ഈ ബില്ലുകളിൽ തുക കൈപ്പറ്റിയെന്ന് വില്ലേജ് ഓഫിസർ എഴുതി നൽകിയതും സംശയാസ്പദമാണ്. ധനകാര്യ പരിശോധനാ സംഘം ഇത് വ്യാജ ബില്ലുകളാണെന്ന് കണ്ടെത്തി വില്ലേജ് ഓഫീസറുടെ വിശദീകരണം ആവശ്യപ്പെട്ടതിന് ശേഷം ഈ തുകകൾ വില്ലേജ് ഓഫീസർ ഈ സ്ഥാപനത്തിന് നൽകി. കല്ലോടിയിലെ ജി.എം വെജിറ്റബിൾസ് എന്ന സ്ഥാപനത്തിന് 2900 രൂപയും അപ്പച്ചൻ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന് 17007 രൂപയും നൽകിയതായി വില്ലേജ് ഓഫിസർ അറിയിച്ചു.

എന്നാൽ ബില്ലുകൾ തൻ്റെ സ്ഥാപനത്തിൽ നിന്നും നൽകിയിട്ടില്ലെന്നും മേൽ തുകകൾക്കുള്ള പച്ചക്കറികൾ തൻ്റെ സ്ഥാപനത്തിൽ നിന്നും വാങ്ങിയിട്ടില്ലെന്നും സ്ഥാപനത്തിന്റെ ഉടമ ജനീഷ് ബാബു മൊഴി നൽകി. തഹസിൽദാർ ഈ തുക പാസാക്കി നൽകിയിരുന്നു. വില്ലേജ് ഓഫീസർ നിലവിൽ ഹാജരാക്കിയവ ലഭ്യമായിരുന്നുവെങ്കിൽ ക്രമനനമ്പർ 7,8 ലെ ബില്ലുകൾ പ്രകാരം തുക പാസ്സാക്കി നൽകേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല. കാരണം ഈ രണ്ടു സ്ഥാപനത്തിൽ നിന്നും ബില്ലുകൾ ആവശ്യപ്പെടാവുന്നതും പ്രസ്തുത ബില്ലുകൾ പാസ്സാക്കി നൽകാവുന്നതുമായിരുന്നു. സ്ഥലം മാറിപ്പോയ വില്ലേജ് ഓഫീസർ രണ്ട് തവണ സ്ഥാപനത്തിലെത്തി ബിൽ പ്രകാരമുളള തുക ലഭിച്ചുവെന്ന് എഴുതി നൽകാൻ ആവശ്യപ്പെട്ടുവെങ്കിലും എഴുതി നൽകിയില്ല എന്ന് ജി.എം വെജിറ്റബിൾസിലെ സ്റ്റാഫ് അനൗദ്യോഗികമായി സ്ക്വാഡിനെ അറിയിച്ചു.

ജി.എം വെജിറ്റബിൾസിൻ്റെ ഉടമ ബിൽ പ്രകാരമുള്ള തുക ലഭിച്ചുവെന്ന് എഴുതി നൽകാത്തതിനാലാണ് അപ്പച്ചൻ സ്റ്റോഴ്സ് എന്ന സ്ഥാപന ഉടമ 17,007 രൂപ കൈപ്പറ്റിയതായുളള രസീത് സംഘടിപ്പിച്ചതെന്ന് കണ്ടെത്തി. ഫ്രണ്ട്സ് ലൈറ്റ് ആൻഡ് സൗണ്ട് എന്ന സ്ഥാപത്തിന് 70,000 രൂപ പാസാക്കി. വില്ലേജ് ഓഫിസർ നൽകിയ വിശദീകരണ പ്രകാരം ഫ്രണ്ട്സ് ലൈറ്റ് ആൻഡ് സൗണ്ട്സ് എന്ന സ്ഥാപനത്തിന് 9600 രൂപയും ഡി.ജെ ഫ്രണ്ട്സ് ലൈറ്റ്സ് ആൻഡ് സൗണ്ടിന് 20,000 രൂപയും പി.ബി.എസ് ലൈറ്റ്സ് ആൻഡ് സൗണ്ട്സിന് 40,400 രൂപയും നൽകി. സ്ഥാപനങ്ങളിൽ നിന്നുള്ള രസീതുകളും ഹാജരാക്കി. ഫ്രണ്ട്സ് ഉടമ തുക ലഭിച്ചിട്ടില്ലെന്ന് സ്ക്വാഡിന് എഴുതി നൽകി.

ഡി.ജെ ഫ്രണ്ട്സ് ലൈറ്റ്സ് ആൻഡ് സൗണ്ട്സിൽ മുൻ വില്ലേജ് ഓഫീസറും വില്ലേജ് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരും സന്ദർശിച്ചു. പ്രളയത്തിൻ്റെ സമയത്ത് സ്ഥാപനത്തിൽ നിന്നും സമർപ്പിച്ച 20,000 രൂപയുടെ ബില്ല് നഷ്ടപ്പെട്ടുവെന്നും മറ്റ് സ്ഥാപനങ്ങളുടെ ബില്ലുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിനാൽ 60,000 രൂപയുടെ ബില്ല് നൽകാൻ ആവശ്യപ്പെട്ടു. അവർ 20,000 രൂപ കൈപ്പറ്റി രശീതി നൽകി. തുടർന്ന് 40,400 രൂപയുടെ രസീത് പി.ബി.എസ് ലൈറ്റ് ആൻഡ് സൗണ്ട്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമയിൽ നിന്നും സംഘടിപ്പിച്ചു. അന്വേഷണത്തിൽ വ്യാജ ബില്ലുകൾ ഹാജരാക്കിയാണ് എടവക മുൻ വില്ലേജ് ഓഫിസർ പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.