ജനസമ്പര്‍ക്ക പരിപാടിയെ ആക്രമിച്ചവര്‍ ഇന്നത് നടപ്പാക്കുന്നത് വിചിത്രം -ഉമ്മന്‍ ചാണ്ടി

കോട്ടയം: പിണറായി സര്‍ക്കാരി​െൻറ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലി മുഖ്യമന്ത്രി എന്തിനു ചെയ്യണം എന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ക്ക് നൽകിയ ചെറിയ സഹായങ്ങളെ വ ന്‍ധൂര്‍ത്തായി പ്രചരിപ്പിച്ചു. സി.പി.എമ്മുകാര്‍ പലയിടത്തും ജനങ്ങളെ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. എല്ലായിടത്തും കരിങ്കൊടി ഉയര്‍ത്തി. കനത്ത സുരക്ഷയിലാണ് അന്നു താൻ പോലും ജനസമ്പര്‍ക്ക വേദികളിലെത്തിയതെന്ന്​ അദ്ദേഹം പറഞ്ഞു.

ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഈ പരിപാടികൊണ്ട് ആശ്വാസവും പ്രയോജനവും കിട്ടിയെന്നു തിരിച്ചറിഞ്ഞ സി.പി.എം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍, പഴയതെല്ലാം വിഴുങ്ങിയാണ് അദാലത്ത് നടത്തുന്നത്​. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ലംഘിച്ചു. അദാലത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്ക് കോവിഡ് ബാധിച്ചു. എല്ലാ ജില്ലകളിലും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഒരിടത്തും അദാലത്തില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി.

ജനസമ്പര്‍ക്ക പരിപാടിക്ക് പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ അവാര്‍ഡ് ലഭിച്ചപ്പോള്‍ സിപിഎമ്മി​െൻറ അസഹിഷ്ണുത മൂര്‍ധന്യത്തിലെത്തി. ജനസമ്പര്‍ക്ക പരിപാടി തട്ടിപ്പാണെന്നു ചൂണ്ടിക്കാട്ടി യു.എന്‍ ആസ്ഥാനത്തേക്ക് ആയിരക്കണക്കിനു പരാതികളയച്ചു. കേരളത്തെ നാണംകെടുത്തി. അവാര്‍ഡ് ദാനം ബഹ്‌റൈനില്‍ വച്ചായിരുന്നതിനാല്‍ കരിങ്കൊടിയുമായി അവിടെ എത്താനായില്ല. തിരിച്ച് തിരുവനന്തപുരത്തെത്തിയ തന്നെ വഴിനീളെ കരിങ്കൊടി കാട്ടിയാണ് സ്വീകരിച്ചത്.

2011, 2013, 2015 എന്നീ വര്‍ഷങ്ങളിലായി നടത്തിയ മൂന്നു ജനസമ്പര്‍ക്ക പരിപാടികളില്‍ 11,45,449 പേരെയാണ് നേരില്‍ കണ്ടത്. 242.87 കോടി രൂപ വിതരണം ചെയ്തു. ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ 2004ല്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ 96,901 പരാതികള്‍ ലഭിക്കുകയും 42,151 എണ്ണത്തില്‍ അനുകൂല തീരുമാനം എടുക്കുകയും ചെയ്തു. 9.39 കോടി രൂപ വിതരണം ചെയ്തു. നാലു തവണ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ മൊത്തം 11,87,600 പേരെയാണ് നേരില്‍ കണ്ടത്.

45 പുതിയ സര്‍ക്കാര്‍ ഉത്തരവുകളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നു ലഭിച്ച അനുഭവത്തി​െൻറ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചത്. കേരളത്തെ കാലോചിതമാക്കിയ നടപടികളായിരുന്നു അവയെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

Tags:    
News Summary - It is strange that those who attacked the public relations program are implementing it today - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.