കോഴിക്കോട്: ബി.ജെ.പിക്കെതിരായ വിശാല ദേശീയ മുന്നണി ശക്തിപ്പെട്ടുവരുന്നത് ആശാവഹമാണെന്നും അതിന് പൂർണ പിന്തുണ നൽകുമെന്നും കോഴിക്കോട്ട് നടന്ന മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി യോഗം. സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന് എല്ലാ പിന്തുണയും ഉറപ്പാക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ ബംഗാളില്‍നിന്ന് മമത ബാനര്‍ജിയും സീതാറാം യെച്ചൂരിയും യു.പിയില്‍നിന്ന് അഖിലേഷ് യാദവും മായാവതിയും ബിഹാറില്‍നിന്ന് നിതീഷ്കുമാറും ലാലുപ്രസാദും ഉള്‍പ്പെടെ പങ്കെടുത്തത് വിശാലമുന്നണി ശരിയായ ദിശയിലാണെന്നാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങളെ വിഭജിച്ച് ഭരിക്കാനാണ് ബി.ജെ.പി ശ്രമം. ഇത് ഏറെകാലം മുന്നോട്ടു കൊണ്ടുപോവാനാവില്ല. സാമ്പത്തിക വളര്‍ച്ചയില്‍ പിന്നിലേക്ക് പോയതാണ് മൂന്നുവര്‍ഷത്തെ മോദി സര്‍ക്കാര്‍ നേട്ടം. സാമ്പത്തിക വളര്‍ച്ച നിലക്കുകയും കാര്‍ഷിക-വ്യാവസായിക-തൊഴില്‍ മേഖലയെ ബാധിക്കുകയും ചെയ്തിരിക്കുന്നു. എല്ലാ മേഖലയിലും രാജ്യത്തെ പിന്നോട്ടടുപ്പിച്ച ബി.ജെ.പി സര്‍ക്കാറിനെ ജനം വൈകാതെ താഴെയിറക്കുമെന്നും മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തീരുമാനങ്ങള്‍ വിശദീകരിച്ച് ചെയര്മാന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡൻറ് പ്രഫ. കെ.എം. ഖാദര്‍മൊയ്തീൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി എന്നിവര്‍ സംസാരിച്ചു.
കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അമിത് ഷാ വന്ന് ന്യൂനപക്ഷങ്ങളെ കൂടെകൂട്ടുമെന്ന് പ്രഖ്യാപിച്ചതുകൊണ്ടൊന്നും കാര്യമില്ല. ഇവിടെ, മതേതര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന യു.ഡി.എഫും എൽ.ഡി.എഫും ശക്തമാണ്. ദേഷ്യം പിടിച്ച് സീറ്റ് കിട്ടണം എന്ന് പറഞ്ഞാല്‍ കിട്ടില്ല. ബി.ജെ.പിക്ക് കേരളത്തിൽ സീറ്റ് കിട്ടണമെങ്കിൽ ജനങ്ങൾ വോട്ട് ചെയ്യണം. ചില മതമേലധ്യക്ഷന്മാരുമായി ബി.ജെ.പി ദേശീയ പ്രസിഡൻറ് നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് അവര്‍തന്നെ വ്യക്തമാക്കിയത് മുഖവിലക്കെടുക്കുകയാണ് കരണീയമെന്നും പി.െക. കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരുെട ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.