തിരുവനന്തപുരം: സസ്പെൻഷനിൽ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും കുറ്റപത്രം നൽകാൻ സർക്കാർ നീക്കം. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന അദ്ദേഹത്തിെൻറ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരിലാണ് അഖിലേന്ത്യ സർവിസ് ചട്ടലംഘനം ചൂണ്ടിക്കാട്ടി കുറ്റപത്രം നൽകുക. പുസ്തകത്തിലെ പാറ്റൂർ, ബാർ കോഴ, ബന്ധുനിയമന കേസുകളെ സംബന്ധിച്ചുള്ള പരാമർശങ്ങൾ ചട്ടലംഘനമാണെന്ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ അന്വേഷണസമിതി നേരത്തേ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാറിെൻറ നിർദേശപ്രകാരമാണ് കുറ്റപത്രം തയാറായിട്ടുള്ളത് .
സർക്കാർ വിരുദ്ധ പരാമർശം നടത്തിയതിെൻറ പേരിൽ ജേക്കബ് തോമസ് നിലവിൽ സസ്പെൻഷനിലാണ്. പരാമർശം സംബന്ധിച്ച നോട്ടീസിന് അദ്ദേഹം നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ കൂടുതൽ അന്വേഷണത്തിന് കമീഷനെയും നിയമിച്ചിരുന്നു. സംസ്ഥാനത്ത് അഴിമതിക്കെതിരെ മിണ്ടാൻ പേടിയാണ്, ഓഖി ദുരന്തം നേരിടുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടു തുടങ്ങിയ പരാമർങ്ങളുടെ പേരിലാണ് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നത്.
ജേക്കബ് തോമസിെൻറ ‘സ്രാവുകൾക്കൊപ്പം നീന്തുേമ്പാൾ’ എന്ന പുസ്തകം പ്രകാശനം മുതൽതന്നെ വിവാദമായിരുന്നു. പ്രകാശനചടങ്ങിൽനിന്ന് മുഖ്യമന്ത്രി വിട്ടുനിന്നതിനെതുടർന്ന് ചടങ്ങ് തന്നെ മാറ്റിയിരുന്നു. പിന്നീട് സർക്കാറിെൻറ അനുമതിയില്ലാതെയാണ് പുസ്തകരചന നടത്തിയതെന്നും പുസ്തകത്തിൽ ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടെന്നുമുള്ള ആരോപണവും ഉയർന്നു. അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇക്കാര്യം പരിശോധിച്ച് ചട്ടലംഘനം കണ്ടെത്തുകയും ചെയ്തിരുന്നു.
അതിനുശേഷം വീണ്ടും പുസ്തകത്തിെൻറ പുതിയ പതിപ്പ് പുറത്തിറക്കിയതും വിവാദമായിരുന്നു. പുതിയ കുറ്റപത്രം ഉടൻ നൽകുമെന്നാണ് സൂചന. അതിനിടെ കോടതികളിൽനിന്ന് നിരന്തരം വിമർശനം ഏൽക്കുന്നതിനെതിരെ ജേക്കബ് തോമസ് നൽകിയ പരാതി കേന്ദ്ര വിജിലൻസ് കമീഷെൻറ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.