തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന നിലപാടിലുറച്ച് ഡി.ജി.പി ഡോ. ജേക്കബ് തോമസ്. ആലോചിച്ചുറപ്പിച്ച വ്യക്തമായ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചതെന്നും അതില്‍നിന്ന് പിന്നോട്ടുപോകേണ്ട സാഹചര്യമില്ളെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
അഴിമതിവിരുദ്ധ പോരാട്ടത്തിന് വിജിലന്‍സില്‍ തുടരണമെന്നില്ല. പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സി.എം.ഡി ആയിരിക്കെ രൂപവത്കരിച്ച ‘എക്സല്‍ കേരള’ ശക്തമാക്കിയാലും അത് തുടരാം. വിജിലന്‍സില്‍നിന്ന് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. ഏത് ഓഫിസിലേക്ക് മാറാനും തയാറാണ്. മറ്റുകാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കാനാകില്ല -അദ്ദേഹം പറഞ്ഞു. അതിനിടെ, ജേക്കബ് തോമസിനെ മാറ്റേണ്ടതില്ളെന്ന് സി.പി.എം അവൈലബ്ള്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തിരുന്നു.
അതേസമയം, നിലപാടില്‍ വിട്ടുവീഴ്ചയില്ളെന്നും സമ്മര്‍ദം തുടര്‍ന്നാല്‍ അവധിയില്‍ പോകുന്ന കാര്യം ആലോചനയിലാണെന്നും ജേക്കബ് തോമസ് അടുത്തവൃത്തങ്ങളോട് പറഞ്ഞതായി അറിയുന്നു. തീരുമാനത്തിന് പിന്നിലെ വ്യക്തമായ കാരണം അദ്ദേഹം ആരോടും തുറന്നുപറഞ്ഞിട്ടില്ല. ബുധനാഴ്ച രാവിലെ വിജിലന്‍സ് ആസ്ഥാനത്ത് അദ്ദേഹത്തെ കണ്ട മാധ്യമപ്രവര്‍ത്തകരോട് ‘ഓരോദിവസവും പുതിയ ആകാശവും പുതിയ ഭൂമിയു’മാണെന്നായിരുന്നു പ്രതികരണം. ബുധനാഴ്ച രാത്രി വൈകുവോളം ഓഫിസില്‍ ഫയലുകള്‍ നോക്കിയശേഷമാണ് അദ്ദേഹം മടങ്ങിയതും.
ജേക്കബ് തോമസിന്‍െറ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന് മികച്ച പ്രതിച്ഛായ നല്‍കിയതായാണ് സി.പി.എം അവൈലബ്ള്‍ സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. ഇ.പി. ജയരാജനെതിരായ കേസില്‍ അന്വേഷണം പുരോഗമിക്കവെ, അദ്ദേഹത്തിന്‍െറ മാറ്റം സര്‍ക്കാറിന്‍െറയും പാര്‍ട്ടിയുടെയും പ്രതിച്ഛായക്ക് കോട്ടമാകും. പാര്‍ട്ടി തീരുമാനം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാനും ധാരണയായി. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നാണ് യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. യോഗത്തിനുമുമ്പ് മുഖ്യമന്ത്രി, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുമായി ക്ളിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അഴിമതിവിരുദ്ധനായ മികച്ച ഉദ്യോഗസ്ഥനാണ് ഡോ. ജേക്കബ് തോമസെന്നും അദ്ദേഹത്തെ മാറ്റരുതെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജേക്കബ് തോമസ് നല്‍കിയ കത്തിനെക്കുറിച്ച് ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല.
നിയമനകാര്യം മാത്രം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ കത്ത് മുഖ്യമന്ത്രിയാണ് പരിഗണിക്കേണ്ടതെന്നുമായിരുന്നു മന്ത്രിമാരുടെ അഭിപ്രായം. ഇതിന്‍െറ അടിസ്ഥാനത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.