ജേക്കബ് തോമസിനെതിരായ ഹരജി രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍

 കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം നടത്തണമെന്നും സര്‍വിസ് ചട്ടലംഘനത്തിന് കേസെടുക്കണമെന്നുമുള്ള ഹരജി രാഷ്ട്രീയപ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ എം.ഡിയായിരിക്കെ ജേക്കബ് തോമസ് നിയമവിരുദ്ധമായി അവധിയെടുത്ത് ടി.കെ.എം മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ സ്ഥാപനത്തില്‍ 1,69,500 രൂപ ശമ്പളത്തില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഡയറക്ടറായി ജോലി ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് വിശദീകരണം.

മുന്‍കൂര്‍ അപേക്ഷ നല്‍കിയശേഷമാണ് അവധിയില്‍ പ്രവേശിച്ചതെന്നും നടപടി ചട്ടലംഘനമാണെന്ന വാദത്തില്‍ കഴമ്പില്ളെന്നും സര്‍ക്കാര്‍ അറിയിച്ചു. അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് അപേക്ഷ നല്‍കിയത്. വാഹനം ദുരുപയോഗം ചെയ്തെന്ന ആരോപണവും ശരിയല്ല. അവധിയില്‍ പ്രവേശിക്കുംമുമ്പ് ഒൗദ്യോഗിക വാഹനവും ലോഗ് ബുക്കും തിരിച്ചേല്‍പിച്ചു. റിസര്‍ച്ചിന് വേണ്ടിയെന്ന് കാണിച്ചാണ് മൂന്നുമാസത്തേക്ക് അസാധാരണ അവധിയെടുത്തതെന്ന് ആരോപിച്ചാണ് ഹരജി നല്‍കിയത്. 2011 നവംബര്‍ പത്തിന്  ഇതുസംബന്ധിച്ച് വിജിലന്‍സ് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചില്ല.

പോര്‍ട്ട് മൈനിങ് ഡയറക്ടര്‍ ആയിരിക്കെ മണ്ണ്മാന്തി കപ്പല്‍ വാങ്ങിയത് സംബന്ധിച്ചും അലമാര വാങ്ങിയതിലെ ക്രമക്കേടും ചൂണ്ടിക്കാട്ടി സത്യന്‍ നരവൂര്‍ 2015ല്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച പരാതിയില്‍  അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ സോളാര്‍ പാനല്‍ അഴിമതി സംബന്ധിച്ചും ആക്ഷേപമുയര്‍ന്നെങ്കിലും സംസ്ഥാനസര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയാറായില്ല. അതിനാല്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമനം റദ്ദാക്കി അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം.

സര്‍വിസ് കാര്യങ്ങള്‍ പൊതുതാല്‍പര്യ ഹരജിയില്‍ ചോദ്യം ചെയ്യാനാവില്ളെന്നും കേസുമായി ബന്ധമില്ലാത്ത വ്യക്തിയാണ് ഹരജിക്കാരനെന്നും സര്‍ക്കാര്‍ വിശദീകരണ പത്രികയില്‍ പറയുന്നു. ഹരജിക്കാരന്‍ ജേക്കബ് തോമസിനെതിരെ നേരത്തേയും ഹൈകോടതിയെ സമീപിച്ചിരുന്നു. സ്വകാര്യ താല്‍പര്യമാണ് ഹരജിക്ക് പിന്നിലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

 

Tags:    
News Summary - jacob thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.