വന്‍കിടപദ്ധതികള്‍ സംബന്ധിച്ച പരാതി സ്വീകരിക്കില്ളെന്ന് വിജിലന്‍സ് നോട്ടീസ്; വിവാദമായതോടെ പിന്‍വലിച്ചു

തിരുവനന്തപുരം: വന്‍കിടപദ്ധതികള്‍ സംബന്ധിച്ച പരാതികള്‍ ഇനിമുതല്‍ സ്വീകരിക്കില്ളെന്ന് കാട്ടി വിജിലന്‍സ് ആസ്ഥാനത്ത് പതിച്ച നോട്ടീസ് വിവാദമായതോടെ പിന്‍വലിച്ചു. ബുധനാഴ്ച രാവിലെയാണ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന്‍െറ നിര്‍ദേശാനുസരണം നോട്ടീസ് പതിച്ചത്. വിജിലന്‍സ് നടപടികള്‍ക്കെതിരെ ഹൈകോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം നേരിട്ട സാഹചര്യത്തിലാണ് ഇത് പതിച്ചതെന്നറിയുന്നു. എന്നാലിതേക്കുറിച്ച് ഒൗദ്യോഗിക പ്രതികരണം നടത്താന്‍ അദ്ദേഹം തയാറായില്ല. 

വിവാദ നോട്ടീസ് വാര്‍ത്തയായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടതായും സൂചനയുണ്ട്. കോടതി നടപടികള്‍ മുന്‍വിധിയോടെയാണെന്നും അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ തയാറാണെന്നും ജേക്കബ് തോമസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. എന്നാല്‍, നോട്ടീസ് സര്‍ക്കാറിന് ക്ഷീണമാകുമെന്നും കോടതി നടപടിക്കെതിരെ നിയമത്തിന്‍െറ വഴിതേടാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായാണ് സൂചന. വിജിലന്‍സിനെതിരായ കോടതി പരാമര്‍ശം ഗൗരവത്തോടെ കാണുമെന്നും വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആക്ടിങ് ചീഫ് ജസ്റ്റിസിനെ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞത് ഈ പശ്ചാത്തലത്തിലാണത്രെ.

കഴിഞ്ഞദിവസം ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട പരാതി പരിഗണിച്ച ഹൈകോടതി, ഒരേകേസില്‍ വിജിലന്‍സ് രണ്ട് നിലപാടുകള്‍ സ്വീകരിച്ചത് എന്തിനാണെന്ന് ആരാഞ്ഞിരുന്നു. കോടതി രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ളെന്ന് രൂക്ഷമായ ഭാഷയില്‍ താക്കീതും നല്‍കി. കോടതി ആവശ്യപ്പെടാതെ വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്നും കോടതി വിമര്‍ശിച്ചിരുന്നു. ഇത് വിജിലന്‍സിന് ഏറെ ക്ഷീണമുണ്ടാക്കിയിരുന്നു. വരുംദിവസങ്ങളില്‍ പ്രമാദമായ മറ്റുപല കേസുകളും കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. 

Tags:    
News Summary - jacob thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.