ആലപ്പുഴ: എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജല പൈപ്പ് കണക്ഷൻ എത്തിക്കുന്ന ജൽ ജീവൻ പദ്ധതിയിൽ കേരളം ഏറെ പിന്നിൽ. ദേശീയതലത്തിൽ കേരളം 30ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം കേരളം 26ാം സ്ഥാനത്തായിരുന്നു. അതിൽനിന്നും വീണ്ടും പിന്നോട്ടുപോയി. പദ്ധതി 2024 മാർച്ചിൽ അവസാനിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
2019 ആഗസ്റ്റ് 15ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെ 70.69 ലക്ഷം ഗ്രാമീണ വീടാണുള്ളത്. ഇതിൽ ഇതുവരെ പൈപ്പ് കണക്ഷൻ ലഭ്യമായത് 18.34 ലക്ഷം കുടുംബങ്ങളിൽ മാത്രമാണ്. സംസ്ഥാനത്തെ 14 ജില്ലയിലെ 941 പഞ്ചായത്തിൽ 40,000 കോടി രൂപയുടെ പദ്ധതികളാണ് വിവിധ നിർമാണ ഘട്ടങ്ങളിലുള്ളത്. കരാറുകാരുടെ നിസ്സഹകരണമാണ് പദ്ധതി നടപ്പാക്കാൻ പ്രധാന തടസ്സം. തങ്ങളുടെ നിസ്സഹകരണത്തിന് കാരണമായി കരാറുകാർ സർക്കാറിനെ കുറ്റപ്പെടുത്തുന്നു.
കേന്ദ്ര സർക്കാർ 45 ശതമാനം, സംസ്ഥാന സർക്കാർ 30 ശതമാനം ഗ്രാമപഞ്ചായത്ത് 15 ശതമാനം ഗുണഭോക്താവ് 10 ശതമാനം എന്നിങ്ങനെയാണ് പദ്ധതി ചെലവിന്റെ വിഹിതം. 2018ലെ നിരക്ക് അനുസരിച്ചാണ് ഇവിടെ പദ്ധതി ടെൻഡർ ചെയ്യുന്നത്. ഇതനുസരിച്ച് കരാർ ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നില്ല. മറ്റ് പല സംസ്ഥാനങ്ങളും 2021ലെ നിരക്കനുസരിച്ചാണ് ടെൻഡർ നടത്തിയത്. ടെൻഡർ എടുത്ത കരാറുകാർ പലരും പൈപ്പിന്റെ വില വർധനമൂലം പണി പൂർത്തിയാക്കാൻ കൂട്ടാക്കുന്നുമില്ല.
അടങ്കൽ തുകയുടെ 45 ശതമാനം കേന്ദ്രവിഹിതമായി മുൻകൂർ പണം ലഭിക്കുമെന്നതിനാൽ 2018ലേതിന് പകരം 2021ലെ നിരക്കനുസരിച്ച് അടങ്കൽ തയാറാക്കിയാൽ കേന്ദ്ര വിഹിതം വർധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2022ലെ നിരക്കനുസരിച്ച് അടങ്കൽ തയാറാക്കിയാൽ കേന്ദ്രവിഹിതം വീണ്ടും വർധിക്കും. പണികൾ വൻ പ്രോജക്ടുകളാക്കി ഒരു ജില്ലക്ക് ഒരു കരാറുകാരൻ മതിയെന്ന നിലപാടാണ് സർക്കാറിന് ആദ്യമുണ്ടായിരുന്നത്. അതനുസരിച്ച് 800 കോടിയിലേറെ രൂപക്കാണ് മിക്ക ജില്ലകളിലും അടങ്കൽ തയാറാക്കിയത്.
അത്രയും ഉയർന്ന തുകക്ക് പദ്ധതി ഏറ്റെടുക്കാൻ കഴിവുള്ള കരാറുകാർ സംസ്ഥാനത്തുണ്ടായിരുന്നില്ല. അതോടെ സംസ്ഥാനത്തെ കരാറുകാരെ ഒഴിവാക്കിയുള്ള പദ്ധതി നടത്തിപ്പിനാണ് സർക്കാർ തുനിഞ്ഞത്. അന്തർസംസ്ഥാന കരാറുകാർ പണി ഏറ്റെടുത്തെങ്കിലും 2018ലെ നിരക്കായതിനാൽ അവർ ഉപേക്ഷിച്ചുപോയി. പിന്നീട് വർക്കുകൾ വിഭജിച്ച് ടെൻഡർ ചെയ്തുവെങ്കിലും 200 കോടിയിലും ഏറെയായിരുന്നു തുക. അതും ഏറ്റെടുക്കാൻ ആളുകൾ കുറവായതും പദ്ധതി വൈകാൻ കാരണമായി. ചെറുകിട- ഇടത്തരം കരാറുകാർക്ക് ഏറ്റെടുക്കാൻ കഴിയുംവിധം അടങ്കലുകൾ ക്രമീകരിച്ചാൽ പദ്ധതി നടപ്പാക്കലിന് വേഗം കൂടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗോവ, അന്തമാൻ നികോബാർ ദ്വീപുകൾ, ദാദ്ര നഗർ ഹവേലി, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങൾ പദ്ധതി പൂർണമായും നടപ്പാക്കികഴിഞ്ഞു. രാജസ്ഥാൻ, ഝാർഖണ്ഡ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് പദ്ധതി നടത്തിപ്പിൽ കേരളത്തെക്കാൾ പിന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.