ശ്രീനാരായണ ഗുരു സർവകലാശാല വി.സി നിയമനത്തിൽ മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ വെളിപ്പെടുത്തലുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർവകലാശാലയിൽ വി.സിയായി മുസ്‌ലിം സമുദായത്തിൽനിന്നുള്ളയാൾ വേണമെന്ന് കെ.ടി ജലീൽ തന്നോട് ആവശ്യപ്പെട്ടതായി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗുരുവിനെക്കുറിച്ച് ഒന്നുമറിയാത്ത ഒരാളെയാണ് ജലീൽ വി.സിയായി നിയമിച്ചതെന്നും ജലീൽ തന്റെ സമുദായത്തിന് വേണ്ടി ചെയ്തതായിരിക്കാം ഇതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇത് തന്നോട് പറഞ്ഞപ്പോൾ തനിക്ക് ജലീലിനോട് ബഹുമാനം തോന്നി. ജോമോൻ പുത്തൻപുരക്കൽ ഇതിനെല്ലാം സാക്ഷിയാണ്. മുസ്‌ലിമായ ഒരാളെ വി.സിയാക്കിയത് തന്റെ താൽപര്യ പ്രകാരമാണെന്ന് ജലീൽ പറഞ്ഞതായും വെള്ളാപ്പള്ളി നടേശൻ വെളിപ്പെടുത്തി. ''അദ്ദേഹം മലപ്പുറത്തുകാരനാണ്, കേരളത്തിലെ യൂനിവേഴ്‌സിറ്റികളിൽ വി.സിയായി ഒറ്റ മുസ് ലിം ഇല്ലായെന്ന കുറവു പരിഹരിക്കാൻ അദ്ദേഹം ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ അത് നേടികൊടുക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്, അത് അദ്ദേഹം ചെയ്തു'' -വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. അത് സത്യപ്രതിജ്ഞ ലംഘനമല്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിൽ എന്താണ് തെറ്റുള്ളത് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. അത് തെറ്റല്ലെന്നും അതാണ് ശരിയെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമം ദിനപത്രത്തിനെതിരെ യു.എ.ഇ അധികൃതർക്ക് ജലീൽ മന്ത്രിയായിരിക്കെ കത്തെഴുതി എന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ കെ.ടി ജലീൽ പ്രതിരോധത്തിലായിരുന്നു. അതിനിടെ ചേർത്തലയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി ജലീൽ അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.