കോഴിക്കോട്: ജനാധിപത്യവും ഭരണഘടന മൂല്യങ്ങളും കവർന്നെടുക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ പൗരന്മാർക്കുവേണ്ടി പൗരസമൂഹം കാവലിരിക്കേണ്ടതുണ്ടെന്ന സന്ദേശവുമായി ഫെബ്രുവരി 14ന് ജമാഅത്തെ ഇസ്ലാമി കോഴിക്കോട്ട് ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് മുസ്ലിം സമൂഹത്തിന് നേരെ തുടർച്ചയായി നടക്കുന്ന വംശീയ ആക്രമണങ്ങൾ ഭരണഘടനപരമായ അവകാശങ്ങൾ ഹനിക്കുന്നതും നിയമപരിരക്ഷ റദ്ദ് ചെയ്യുന്നതുമാണ്.
ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കപ്പെട്ടത്, 600 വർഷം പഴക്കമുള്ള ഗ്യാൻവാപി മസ്ജിദിലെ പൂജ അനുമതി, 800 വർഷം മുസ്ലിംകൾ ആരാധന നടത്തിയ വഖഫ് സ്വത്തായ മെഹ്റോളി പള്ളി തകർത്ത സംഭവം, ഉത്തരാഖണ്ഡിൽ പള്ളിയും മദ്റസയും അനധികൃതമെന്നാരോപിച്ച് തകർത്തതും തുടർന്നുണ്ടായ വെടിവെപ്പും, ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ് അടിച്ചേൽപിക്കൽ എന്നിവയെല്ലാം വിവേചനത്തോടുകൂടിയ ഭരണകൂട ഭീകരതയാണ്.
‘ഹിന്ദുത്വ വംശീയതക്കെതിരെ സാഹോദര്യ സമ്മേളനം’ എന്ന ശീർഷകത്തിലാണ് റാലിയും പൊതുസമ്മേളനവും നടക്കുക. വൈകീട്ട് 3.30ന് അരയിടത്തുപാലം മിനി ബൈപാസിൽനിന്ന് ആരംഭിക്കുന്ന റാലി ബീച്ച് മറൈൻ ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സാഹോദര്യ സമ്മേളനത്തിൽ ഗ്യാൻവാപി മസ്ജിദ് ഇമാം അബ്ദുൽ ബാത്വിൻ നുഅമാനി മുഖ്യാതിഥിയായിരിക്കും. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള അമീർ പി. മുജീബുറഹ്മാൻ, ഹാഫിള് അബ്ദുശ്ശുക്കൂർ ഖാസിമി, ആർ. രാജഗോപാൽ, വി.എച്ച്. അലിയാർ ഖാസിമി, ശംസുദ്ദീൻ മന്നാനി, പി. സുരേന്ദ്രൻ, എൻ.പി. ചെക്കുട്ടി, കെ.കെ. ബാബുരാജ്, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, അംബിക മറുവാക്ക്, ബാബുരാജ് ഭഗവതി, ടി.കെ. ഫാറൂഖ്, പി.ടി.പി. സാജിദ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, പി.ആർ സെക്രട്ടറി സമദ് കുന്നക്കാവ്, സോളിഡാരിറ്റി പ്രസിഡന്റ് സി.ടി. സുഹൈബ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.