കോഴിക്കോട്: ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും വിരുന്നൊരുക്കി ജമാഅത്തെ ഇസ്ലാമി ഇഫ്താർ സംഗമം. കോഴിക്കോട് 'മറിന റസിഡൻസി'യിൽ ഒരുക്കിയ സംഗമം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പരസ്പര വാഗ്വാദങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും തിരുത്തലാണ് റമദാനെന്നും ഇഫ്താർ സംഗമങ്ങൾ തിരുത്തലിനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
അകലാനുള്ള കാരണങ്ങൾക്കുപകരം ഒന്നിക്കാനുള്ള കാരണങ്ങളാണ് ചികയേണ്ടത്. പരസ്പര സൗഹൃദത്തിന്റെ കരുത്തിലാണ് രാജ്യം ഉയരങ്ങളിലെത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈവിധ്യങ്ങളെ തച്ചുടച്ച് എല്ലാം ഒന്നായി മാറണമെന്ന് കരുതുമ്പോൾ ലോകം ഇല്ലാതാവുകയാണെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും അവരുടെ വിശ്വാസങ്ങൾ വെച്ചുപുലർത്താനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടന മൂല്യങ്ങളെ സർവരും ആദരിക്കണം. വൈവിധ്യങ്ങൾ ഉയർത്തിപ്പിടിക്കുമ്പോൾ രാജ്യത്തിന്റെ പ്രതാപമാണ് ഉയരുന്നത്. വംശീയതയുടെയും വിഭാഗീയതയുടെയും വർഗീയതയുടെയും ഇരുട്ടുപരക്കുന്ന അന്തരീക്ഷത്തിൽ സ്നേഹത്തിന്റെ ഒത്തുചേരലുകൾ പ്രധാനമാണെന്നും അമീർ വ്യക്തമാക്കി.
മാനവ സൗഹാർദം നിലനിൽക്കുമ്പോഴാണ് മനുഷ്യത്വമുണ്ടാകുന്നതെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ധാർമികത ഇല്ലാത്ത ഒരു കർമവും കർമമായി കാണാനാകില്ലെന്ന ഗാന്ധിജിയുടെ വാക്കുകൾക്ക് പ്രസക്തി വർധിച്ച കാലമാണിതെന്ന് എം.കെ. രാഘവൻ എം.പി വ്യക്തമാക്കി. പരസ്പര ആശങ്കകൾ അകറ്റാനുള്ള ബുദ്ധിപൂർവമായ ഇടപെടലാണ് കൂടിച്ചേരലുകളെന്ന് മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു തിന്നുന്നവൻ നമ്മിൽപെട്ടവനല്ലെന്ന ഇസ്ലാമിക സന്ദേശമാണ് റമദാനിൽ പ്രതിഫലിക്കുന്നതെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
കലുഷിത ലോകത്ത് ബോധപൂർവമായ മൗനംപോലും വലിയ സന്ദേശമാണെന്നും റമദാൻ ഉദ്ഘോഷിക്കുന്നത് അത്തരമൊരു സന്ദേശമാണെന്നും കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. യോജിപ്പിന്റെ സന്ദേശം മാത്രം വിഭാവനം ചെയ്യുന്ന ഇസ്ലാമിനെ വിയോജിപ്പിന്റെ മതമായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി പറഞ്ഞു. ഐക്യപ്പെടുമ്പോൾ സമൂഹം വലുതാവുകയാണെന്ന് കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു.
മന്ത്രി അഹമ്മദ് ദേവർകോവിൽ, പി.ടി.എ. റഹീം എം.എൽ.എ, യൂത്ത് ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ, പി.കെ. പാറക്കടവ്, അഡ്വ. പി.എ. പൗരൻ, കെ. സജ്ജാദ് (വിസ്ഡം), എൻജിനീയർ മമ്മദ്കോയ (എം.എസ്.എസ്), ഡോ. ഖാസിമുൽ ഖാസിമി (അബുൽകലാം ഫൗണ്ടേഷൻ), ഷംസുദ്ദീൻ ഖാസിമി (ജംഇയ്യതുൽ ഉലമ ഹിന്ദ്), മാധ്യമപ്രവർത്തകരായ എ. സജീവൻ, എം.പി. പ്രശാന്ത് എന്നിവർ ആശംസയർപ്പിച്ചു. ടി. സിദ്ദീഖ് എം.എൽ.എ, അഡ്വ. പി.എം.എ. സലാം, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഡിറ്റർ വി.എം. ഇബ്രാഹീം, ജോ. എഡിറ്റർ പി.ഐ. നൗഷാദ്, മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, എക്സി. എഡിറ്റർ പി.ടി. നാസർ, സി.ഇ.ഒ റോഷൻ കക്കാട്ട്, മദ്റസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ, കെ.പി.സി.സി സെക്രട്ടറി നൗഷാദ്, എൻ.സി.പി നേതാവ് അഡ്വ. സുരേഷ് ബാബു, പി.കെ. അഹമ്മദ്, ഡോ. കെ. മൊയ്തു, മജീദ് സ്വലാഹി, പ്രഫ. പി. കോയ, എൻ.പി. ചെക്കുട്ടി, ശൈഖ് മുഹമ്മദ് കാരകുന്ന്, എം.കെ. മുഹമ്മദലി, ഷിഹാബ് പൂക്കോട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.
ജമാഅത്തെ ഇസ്ലാമി ജന. സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ സ്വാഗതം പറഞ്ഞു. അസി. അമീർ പി. മുജീബ് റഹ്മാൻ സമാപനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.