കക്കോടി: ഗാന്ധിയുടെ വിവിധ ഭാവങ്ങൾ ഒപ്പിയെടുത്ത 700ലധികം ലണ്ടൻ പ്രിൻറഡ് ഫോട്ടോകൾ, ഗാന്ധിജിയുമായി ബന്ധപ്പെട്ട് ഇന്ത്യ പുറത്തിറക്കിയ മുഴുവൻ സ്റ്റാമ്പുകൾ, വിദേശരാജ്യങ്ങൾ പുറത്തിറക്കിയ 50ഓളം സ്റ്റാമ്പുകൾ, ഗാന്ധിസ്മാരക നാണയങ്ങൾ, ഗാന്ധിശിഷ്യരായ സത്യഗ്രഹികൾ ഉപയോഗിച്ച ചർക്ക, പെട്ടിച്ചർക്ക, 1948ൽ ഗാന്ധിജി പുറത്തിറക്കിയ 'ഹരിജൻ' ദിനപത്രത്തിന്റെ കോപ്പി... ഇങ്ങനെ തുടങ്ങി അപൂർവമായ ഗാന്ധിസ്മൃതികളുടെ ശേഖരമാണ് ചേളന്നൂർ എരവന്നൂർ എൽ.പി സ്കൂൾ അധ്യാപകനായ ജമാലുദ്ദീന്റെ കൈവശമുള്ളത്.
പയമ്പ്ര സ്വദേശിയായ ഇദ്ദേഹത്തിന്റെ വീടിന്റെ ഭൂരിഭാഗം സ്ഥലവും കൈയടക്കുന്നത് ഗാന്ധിജിയുടെ സന്ദേശവും ജീവിതവും വിളിച്ചോതുന്ന ഈ അമൂല്യ നിധികൾ സൂക്ഷിക്കാനാണ്.
ഗാന്ധിജിയുടെ ചെറുപ്പകാലെത്ത ഫോട്ടോകൾ, ആഫ്രിക്കയിലെ അഭിഭാഷക ജീവിതകാലം, സ്വാതന്ത്ര്യത്തിന്റെ തീപാറുന്ന സമരപോരാട്ടങ്ങൾക്ക് കൈയൊപ്പുചാർത്തിയ സംഭവങ്ങളുടെ നേർചിത്രങ്ങൾ, ഇന്ത്യൻ ചരിത്രത്തിന്റെ കറുത്ത അധ്യായമായി ഗണിക്കുന്ന ഗാന്ധിജിയുടെ കൊലപാതക സംഭവങ്ങൾ, ഭൗതികശരീരം അവസാനമായി കാണാനെത്തിയവരുടെ നിര, മരണാനന്തര ചടങ്ങുകൾക്ക് എത്തിയ ലോകനേതാക്കളുടെ ചിത്രം തുടങ്ങി ഗാന്ധിയൻ കാലഘട്ടത്തിന്റെ പ്രധാന സംഭവങ്ങളുടെ ഫോട്ടോകളും ഈ അധ്യാപകന്റെ ശേഖരത്തിലുണ്ട്.
ഗാന്ധിജിയെക്കുറിച്ചുള്ള ഒരു ചിത്രത്തിന്റെ ചരിത്രാന്വേഷണമാണ് ഫോട്ടോ ശേഖരണത്തിലേക്ക് ജമാലുദ്ദീനെ നയിച്ചത്. വെറും കേട്ടുകേൾവി മാത്രമായ ഗാന്ധിചരിത്രത്തെക്കുറിച്ച് പുതിയതലമുറക്ക് വിശ്വാസയോഗ്യമായ അറിവുനൽകുന്നതാണ് ജമാലുദ്ദീന്റെ ചിത്രശേഖരണം.
സാധാരണക്കാരുമായി ഇടപഴകുന്നതിന്റെയും കുട്ടികൾക്കൊപ്പം കളിക്കുന്നതിന്റെയും കുളത്തിൽ നീന്തിക്കുളിക്കുന്നതുമെല്ലാമായ ഗാന്ധിജിയുടെ അപൂർവചിത്രങ്ങൾ ഇദ്ദേഹം സംഘടിപ്പിച്ചത് ഏറെ സാഹസികമായാണ്. ലണ്ടനിൽ പ്രിന്റ് ചെയ്ത പോസ്റ്റ് കാർഡ് രൂപത്തിലുള്ള ഫോട്ടോക്ക് മോഹവിലയാണ് ഇദ്ദേഹം കൊടുത്തത്.
വിദേശ ഫോട്ടോഗ്രാഫർമാരായിരുന്നു ഗാന്ധിജിയുലെ പല ഫോട്ടോകളും പകർത്തിയിരുന്നത്. എല്ലാവർക്കും കാണാനുള്ള അവസരമെന്നനിലക്ക് ഫോട്ടോകളുടെ പ്രദർശനം സംഘടിപ്പിക്കുമെന്ന് ജമാലുദ്ദീൻ പറഞ്ഞു. വൻ നാണയശേഖരം, പഴയകാല കാർഷിക ഉപകരണങ്ങൾ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.