കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയായ പെൺകുട്ടിയെ 2019ൽ ബന്ധുവും മറ്റൊരാളും ചേർന്ന് ബലാത്സംഗം ചെയ്തതായി പെൺകുട്ടി മൊഴി നൽകി. പുതിയ വെളിപ്പെടുത്തൽ പ്രകാരം കേസെടുത്ത പൊലീസ് അറസ്റ്റ് ഉടനുണ്ടാകുമെന്ന് അറിയിച്ചു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത അഞ്ച് പേരാണ് നിലവിൽ രണ്ട് കേസിലായി അറസ്റ്റിലായത്.
സുഹൃത്തിനോടൊപ്പം വിനോദസഞ്ചാര കേന്ദ്രമായ കുറ്റ്യാടി ജാനകിക്കാട്ടിലെത്തിയ പെൺകുട്ടിയെ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ നാലു പേരെയും കോഴിക്കോട് പോക്സോ സ്പെഷ്യൽ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. മരുതോങ്കര സ്വദേശികളായ അടുക്കത്ത് പാറച്ചാലിൽ ഷിബു (34), മൊയിലോത്തറ തമിഞ്ഞീമ്മൽ രാഹുൽ (22), മൊയിലോത്തറ തെക്കെപറമ്പത്ത് സായൂജ്(24), കായക്കൊടി ആക്കൽ പാലോളി അക്ഷയ് (22) എന്നിവരാണ് റിമാൻഡിലുള്ളത്.
ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. കായക്കൊടി സ്വദേശിനിയായ പതിനേഴുകാരി സുഹൃത്തായ യുവാവിനൊപ്പമാണ് ജാനകികാട്ടിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്. അവിടെ വെച്ച് പാനീയത്തിൽ മയക്കു മരുന്ന് കലർത്തി നൽകി ഇയാളും സുഹൃത്തുക്കളും പെൺകുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് കുറ്റ്യാടി ചെറുപുഴ പാലത്തിന് സമീപം പെൺകുട്ടിയെ സംശയാസ്പദ നിലയിൽ കണ്ട ആളുകൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പാനീയത്തിൽ മയക്കു മരുന്ന് കലർത്തി കുടിപ്പിച്ച ശേഷം ക്രൂരമായ പീഡനത്തിന് ഇരയാക്കിയ വിവരം പുറത്തറിയുന്നത്.
പെൺകുട്ടിയെ ഒക്ടോബർ 16ന് ഈ സംഘത്തിൽ ഉൾപ്പെട്ടയാളും മറ്റൊരാളും ചേർന്ന് ചെമ്പനോടയിൽ വെച്ചും പീഡിപ്പിച്ചതായി വെളിപ്പെടുത്തിയിരുന്നു. ജാനകിക്കാട് കേസിൽ റിമാൻഡിലുള്ള രാഹുൽ (22), കായക്കൊടി പാലോളി മാവിലെപ്പാടി മെർവിൻ (22)എന്നിവർ പീഡിപ്പിച്ചതായാണ് കുട്ടി മൊഴി നൽകിയത്. തുടർന്ന് മെൽവിനെയും അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.