മലപ്പുറം: സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് ജനറിക് മരുന്ന് നൽകാൻ തുറന്ന ജൻഒൗഷധി ഷോപ്പുകളുടെ മറവിൽ സംസ്ഥാനത്ത് അരങ്ങേറിയത് വൻ അഴിമതി. കേന്ദ്രഭരണത്തിെൻറ മറവിൽ ബി.ജെ.പി നേതാക്കൾ പദ്ധതിയുടെ നിയന്ത്രണം കൈയടക്കിയപ്പോൾ ഉദ്യോഗസ്ഥർ നോക്കുകുത്തികളായി. പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ നിർദേശപ്രകാരം ക്രമക്കേടുകളിൽ ഉന്നതതല അന്വേഷണം വരുന്നതോടെ കുടുങ്ങുന്നത് കേരളത്തിൽ പദ്ധതിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരാകും. കേന്ദ്രസർക്കാറിെൻറ ‘പ്രധാനമന്ത്രി ഭാരതീയ ജൻഒൗഷധി പരിയോജന’ (പി.എം.ബി.ജെ.പി) പദ്ധതി പ്രകാരം സംസ്ഥാനത്ത് 252 സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. 150 ഷോപ്പുകൾക്ക് പുതുതായി അനുമതി നൽകിയെങ്കിലും തുടങ്ങിയിട്ടില്ല. 70 അപേക്ഷകൾ ബാക്കിയുണ്ട്. കേന്ദ്ര ഫാർമസ്യൂട്ടിക്കൽ വകുപ്പിന് കീഴിലെ ബ്യൂറോ ഒാഫ് ഫാർമ പി.എസ്.യു ഒാഫ് ഇന്ത്യയാണ് (ബി.പി.പി.െഎ) പദ്ധതിയുടെ നോഡൽ ഏജൻസി. പൊതുമേഖല കമ്പനികൾ ഉൽപാദിപ്പിക്കുന്ന, രാസനാമം മാത്രം രേഖപ്പെടുത്തിയ (ജനറിക്) മരുന്നുകളാണ് ഗുണമേന്മ ഉറപ്പുവരുത്തി 50 മുതൽ 70 ശതമാനംവരെ വിലക്കുറവിൽ ജൻഒൗഷധി വഴി വിറ്റഴിക്കുന്നത്. ഷോപ്പുകൾ തുടങ്ങാൻ ബി.െജ.പി നേതാക്കൾ ഇടനിലക്കാരെ വെച്ച് ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് ആരോപണം. എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് വ്യാപക അഴിമതി അരങ്ങേറിയത്. ബി.ജെ.പി നേതാക്കളെ സ്വാധീനിച്ച് ജൻഒൗഷധിയിൽ കയറിക്കൂടിയ കരാർ ജീവനക്കാർ അഴിമതിക്ക് വ്യാപകമായി ഒത്താശ ചെയ്തു.
മാനദണ്ഡം മറികടന്നും സ്വാധീനത്തിന് വഴങ്ങിയും സംസ്ഥാനത്ത് 45 ഷോപ്പുകൾ അനുവദിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ഷോപ്പ് പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽതന്നെ വീണ്ടും ഷോപ്പുകൾക്ക് അംഗീകാരം നൽകി. ഫാർമസി മേഖലയുമായി ഒരു ബന്ധവുമില്ലാത്തവർ ഷോപ്പുകൾ നേടിയെടുത്തു. അംഗീകാരം നൽകിയ ഷോപ്പുകൾ മാറ്റിനൽകാനും ഷോപ്പുകൾക്ക് സമീപം പുതിയത് അനുവദിക്കാതിരിക്കാനും കൈക്കൂലി വാങ്ങി. പാലക്കാട് ജില്ലയിൽ അനുമതി ലഭിച്ച ഷോപ്പിന് അംഗീകാരം വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ് രണ്ട് ലക്ഷം രൂപ േകാഴ ആവശ്യപ്പെട്ടതായി ആരോപണമുണ്ട്. സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ ഉൾെപ്പടെ സൗജന്യമായി നൽകേണ്ട സേവനങ്ങൾക്ക് വൻതുക ഇൗടാക്കി. ബി.ജെ.പി നിയന്ത്രണത്തിലുള്ള സൊസൈറ്റി, ജൻഒൗഷധി ക്രമക്കേടിൽ പ്രതിക്കൂട്ടിലാണ്.
പാർട്ടി നേതാക്കളിൽനിന്നുവരെ ഇടനിലക്കാർ പണം ആവശ്യപ്പെട്ടതോടെയാണ് സംഘ്പരിവാർ പ്രവർത്തകർ പ്രധാനമന്ത്രിയുടെ ഒാഫിസിനെ പരാതി അറിയിച്ചത്. 2008ൽ യു.പി.എ സർക്കാർ തുടക്കമിട്ടതാണ് ജൻഒൗഷധി പദ്ധതിയെങ്കിലും രാജ്യത്ത് വളരെ കുറച്ച് ഷോപ്പുകൾ മാത്രമാണ് അന്ന് തുറന്നത്. നരേന്ദ്രമോദി അധികാരത്തിൽ വന്ന ശേഷമാണ് പദ്ധതിക്ക് വീണ്ടും ജീവൻവെച്ചത്. സാധാരണക്കാർക്കിടയിൽ സ്വാധീനം വ്യാപിക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം ജൻഒൗഷധി പദ്ധതിയെ ഉപയോഗിക്കുന്നതിനിടെയാണ് കേരള നേതാക്കൾ വ്യാപക അഴിമതി നടത്തി പേരുദോഷമുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.