കായൽ കൈയേറി നിർമാണം; ജയസൂര്യ വിജിലൻസ്​ കോടതിയിൽ ഹാജരാകണം

മൂവാറ്റുപുഴ: തീരദേശ പരിപാലന ചട്ടം ലംഘിച്ച കേസിൽ നടൻ ജയസൂര്യ അടക്കം നാല് പ്രതികളും ഡിസംബർ 29ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നേരിട്ട്​ ഹാജരാകാൻ ഉത്തരവ്. ഇത് സംബന്ധിച്ച് ഇവർക്ക് കോടതി സമൻസ് അയച്ചു. ചിലവന്നൂർ കായൽ കൈയേറി നിർമാണം നടത്തിയെന്ന കേസിലാണ്​ സമൻസ്​. ഒന്നും രണ്ടും പ്രതികളായ കൊച്ചി കോർപറേഷൻ വൈറ്റില സോണല്‍ ഓഫിസിലെ മുൻ ബിൽഡിങ്​ ഇൻസ്പെക്ടർ കെ.പി. രാമചന്ദ്രൻ നായർ, ഇതേ ഓഫിസിലെ മുൻ അസിസ്റ്റന്‍റ്​ എക്സിക്യൂട്ടിവ് എൻജിനീയർ പി.ജി. ഗിരിജ ദേവി, നാലാം പ്രതി കടവന്ത്ര ഡിസൈൻ ഹൈലൈറ്റ്സിലെ ആർക്കിടെക്ചർ എൻ.എം. ജോർജ് എന്നിവർക്കാണ് ജയസൂര്യയെ കൂടാതെ കോടതി നോട്ടീസ് അയച്ചത്.

ഈമാസം 13ന് വിജിലൻസ് അഴിമതി വിരുദ്ധ ബ്യൂറോ എറണാകുളം യൂനിറ്റ് ഇൻസ്പെക്ടർ വി. വിമലാണ്​ മൂവാറ്റുപുഴ കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചത്​. കെ.പി. രാമചന്ദ്രൻ നായരും പി.ജി. ഗിരിജ ദേവിയും കുറ്റകരമായ ക്രിമിനൽ ഗൂഢാലോചന നടത്തി ജയസൂര്യക്ക് അനുകൂലമായി കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കുകയും മറ്റ് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തിലുണ്ട്.

തെറ്റായ പ്ലാൻ തയാറാക്കിയതിനാണ് ആർക്കിടെക്ടിനെ പ്രതി ചേർത്തത്​. കെട്ടിട നിർമാണ ചട്ടങ്ങളും മുനിസിപ്പൽ നിയമവും തീരദേശപരിപാലന നിയമവും ലംഘിച്ച് ജയസൂര്യ കായൽ പുറംമ്പോക്ക് കൈയേറി ചുറ്റുമതിലും ബോട്ടുജെട്ടിയും നിർമിച്ചതായി കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു 2016 ഫെബ്രുവരി 27ന്​​ തൃശൂര്‍ വിജിലൻസ് കോടതിയില്‍ നൽകിയ ഹരജിയെ തുടർന്നാണ്​ അന്വേഷണം തുടങ്ങിയത്​. മൂവാറ്റുപുഴയിൽ പുതിയ വിജിലൻസ്​ കോടതി വന്നപ്പോൾ കേസ്​ ഇവി​ടേക്ക്​ ​ മാറ്റുകയായിരുന്നു.

അന്വേഷണം ആരംഭിച്ച്​ വർഷങ്ങൾ പിന്നിട്ടിട്ടും അന്തിമ കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ ആഗസ്റ്റ് 16 ന് ഗിരീഷ് ബാബു വീണ്ടും കോടതിയെ സമീപിച്ചു. ഇതിനു പിന്നാലെയാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. 15 പേജുള്ള കുറ്റപത്രത്തിൽ 22 രേഖകളും 27 സാക്ഷികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ കണയന്നൂർ താലൂക്ക് സർവേയർ നടത്തിയ പരിശോധനയിൽ 3.7 സെൻറ് കായൽ നികത്തി കൈയേറിയതായി കണ്ടെത്തിയിരുന്നു.

Tags:    
News Summary - Jayasurya to appear in vigilance court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.