പാണക്കാട് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളന വേദിയിൽ

സമസ്ത ബന്ധം: ലീഗിന് ജി​​​ഫ്രി തങ്ങളുടെ ഗ്യാരന്റി

മലപ്പുറം: സമസ്തയിലെ തർക്കങ്ങൾ പാർട്ടിക്ക് അലോസരം സൃഷ്ടിക്കന്നതിനിടെ മുസ്‍ലീം ലീഗിന് ആശ്വാസമായി ജിഫ്രി മുത്തുക്കോയ തങ്ങളുടെ ജാമിഅ നൂരിയ സമ്മേളനത്തിലെ നയം വ്യക്തമാക്കൽ. മുസ്‍ലീം ലീഗുമായുള്ള സമസ്തയുടെ ബന്ധം തുടരുമെന്ന് കൃത്യമായ സൂചന നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

സമസ്തക്ക് മുൻകാലത്ത് പ്രത്യേകബന്ധമുള്ള പലസംഘടനകളുമുണ്ട് എന്നും ഉമറാക്കളും ഉലമാക്കളും ഒരുമിച്ചിരിക്കുന്ന കാലത്തോളം ഐക്യത്തിന് വിള്ളൽ വീഴ്ത്താൻ ആർക്കും സാധിക്കില്ലെന്നുമാണ് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അസന്നിഗ്ധമായ പ്രസ്താവന. ഐക്യത്തിനെതിരായി സമസ്തക്കുള്ളിൽ തലപൊക്കുന്നവരെ അദ്ദേഹം തള്ളിപ്പറയുകയും ചെയ്തു.

ഇടക്കാലത്ത് ലീഗുമായി അൽപം ഇടഞ്ഞ് സംസാരിച്ച ജിഫ്രിതങ്ങളെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കുന്നതിൽ പാർട്ടി വിജയിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സമസ്തയിലെ രണ്ടാംനിര നേതൃത്വത്തിലെ ഒരു വിഭാഗം മുസ്‍ലീം ലീഗിനെതിരെയും പാണക്കാട് കുടുംബത്തിനെതിരെയും നടത്തിയ നീക്കങ്ങൾ ഇതോടെ ദുർബലമായി.

സമസ്ത നേരിട്ട് നടത്തുന്ന സ്ഥാപനമാണ് പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ്. അതിന്റെ വാർഷിക സമ്മേളന പരിപാടികളിൽ നിന്ന് എസ്.​വൈ.എസ് സംസ്ഥാന വർകിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെ വെട്ടിയതിനെതിരായ തർക്കം തെരുവിലെത്തിയിരുന്നു. സമസ്തക്കുള്ളിലെ ഒരു വിഭാഗം പാണക്കാട് തങ്ങൾക്കെതിരെയും മുസ്‍ലീംലീഗിനെതിരെയും പോർവിളികൾ നടത്തിയിരുന്നു.

പക്ഷെ, സാദിഖലി തങ്ങൾ ഉറച്ച നിലപാടുമായി മുന്നോട്ടുപോയി. എന്തു പ്രലോഭനവും പ്രകോപനവുമുണ്ടായാലും സംഘബലത്തെ തകർക്കാൻ കൂട്ടു നിൽക്കില്ലെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നായിരുന്നു സാദിഖലി തങ്ങൾ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിലുടനീളം പാണക്കാട് കുടുംബത്തിന്റെ സജീവ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ സാദിഖലി തങ്ങൾക്കെതിരെ സമസ്തയിലെ ഒരുവിഭാഗം നടത്തിയ മോശം പരാമർശങ്ങളാണ് ഏറ്റവുമൊടുവിൽ സംഘടനക്കുള്ളിലെ തർക്കം വഷളാക്കിയത്. സമസ്തയിലെ സി.ഐ.സി തർക്കം ഒരു വിധം പരിഹരിച്ചുകഴിഞ്ഞതാണ്. അപ്പോഴാണ് പുതിയ വിവാദങ്ങൾ തുടങ്ങിയത്. കാന്തപുരം സുന്നി വിഭാഗത്തോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മുമ്പ് കുഞ്ഞാലിക്കുട്ടിക്കെതിരെ നീങ്ങിയ സമസ്തയിലെ ‘യുവനിര’യാണ് ഇപ്പോൾ പാണക്കാട് കുടുംബത്തിനെതിരെയും നീക്കങ്ങൾ നടത്തുന്നത്. ഇതെല്ലാം തെരഞ്ഞെടുപ്പിൽ ലീഗിന് ക്ഷീണമുണ്ടാക്കുമെന്ന ചർച്ചകൾക്കിടെയാണ് ജിഫ്രിതങ്ങളെ കൊണ്ട് സമസ്ത -ലീഗ് ബന്ധം ശക്തമായി തുടരുമെന്ന പ്രസ്താവന നടത്താനായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.