വിദ്വേഷമുണ്ടാക്കാതിരിക്കുക എന്നതാണ്​​ മത നേതാക്കന്മാർ പുലർത്തേണ്ട പൊതുതത്വമെന്ന്​ ജിഫ്രി തങ്ങൾ

മാന്യത സൂക്ഷിക്കുകയും വിദ്വേഷമുണ്ടാക്കാതിരിക്കുകയും ചെയ്യുക എന്നതാണ്​ മത നേതാക്കന്മാർ പുലർത്തേണ്ട പൊതുതത്വമെന്ന്​ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തെ വിമർശിച്ച തങ്ങൾ മതാധ്യക്ഷന്മാർ പാലിക്കുന്ന പൊതുധാരണക്ക് വിരുദ്ധമാണ് ബിഷപ്പിന്‍റെ പ്രസ്താവനയെന്നും പറഞ്ഞു. മാന്യത നിലനിർത്തുന്നതും വിദ്വേഷം ഉണ്ടാക്കാതിരിക്കലും മതങ്ങളുടെ പൊതുതത്വമാണ്, ഇത് ലംഘിക്കുന്നതാണ് ബിഷപ്പിന്‍റെ പ്രസ്താവന. തൃപ്പനച്ചി ഉറൂസ് സമാപന സംഗമ വേദിയിലാണ ജിഫ്രി തങ്ങൾ പ്രതികരിച്ചത്​.

''ഏതോ ഒരു ബിഷപ്പ് രണ്ട് ദിവസം മുമ്പ്​ എന്തോ വിളിച്ചു പറഞ്ഞില്ലേ? ഏത് മതത്തിന്‍റെ നേതാക്കന്മാരായാലും അധ്യക്ഷന്മാരായാലും മതങ്ങള്‍ക്കൊക്കെ ഒരു പൊതുതത്വം ഉണ്ടാകും. മാന്യത സൂക്ഷിക്കുക, വിദ്വേഷമുണ്ടാക്കാതിരിക്കുക, എല്ലാ മനുഷ്യരോടും സന്തോഷത്തോടെയും സ്നേഹത്തോടെയും പെരുമാറുക എന്നെല്ലാമാണത്. ഇൗ ഒരു തത്വം ഏത്​ മതസ്ഥർക്കും വേണം. ഇതിനെയൊക്കെ പറ്റെ ചവറ്റുകുട്ടയിലെറിഞ്ഞ് എന്തോ ചിലതൊക്കെ പ്രസംഗിച്ചു. അതിനൊക്കെ മറുപടി പറയല്‍ നമ്മുടെ പണിയല്ലാത്തതുകൊണ്ട് അതിനൊന്നും മറുപടി പറയുന്നില്ല. മുസ്‌ലിം നാമധാരി എന്തെങ്കിലും ചെയ്‌താൽ ആ സമൂഹത്തെ ആകെ അപമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും ജിഫ്രി തങ്ങൾ പ്രതികരിച്ചു.

കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടാണ്​ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വിദ്വേഷ പ്രസംഗം നടത്തിയത്​.

മതവിഭാഗങ്ങൾ സൗഹൃദത്തോടെ പുലരേണ്ട കാലത്ത് ഒരു തെളിവുമില്ലാതെ അനാവശ്യമായ വിവാദങ്ങൾ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്​ധമാക്കാൻ ആരും തുനിയരുതെന്ന്​ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയേറ്റ്​ പ്രതികരിച്ചിരുന്നു. പാലാ രൂപത ബിഷപ്പ് നടത്തിയ പരാമർശങ്ങൾ അനുചിതമാണ്​. അതൊഴിവാക്കാമായിരുന്നു. നാക്കുപിഴകളെ പോലും വർഗീയധ്രുവീകരണത്തിനായി ദുരുപയോഗിക്കപ്പെടുന്ന കാലത്ത് കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാകാൻ മതസമൂഹങ്ങൾക്കും സമുദായനേതാക്കൾക്കും കഴിയേണ്ടതാണെന്നും സെക്രട്ടറിയേറ്റ്​ ​പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - jifri muthukkoya thangal criticises pala bishop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.