കാസർകോട്: ടാറ്റാ അനുവദിച്ച കോവിഡ് ആശുപത്രി നിർമിക്കാൻ സർക്കാറിന് മലബാർ ഇസ്‍ലാമിക് കോംപ്ലെക്സ് (എം.ഐ.സി) നൽകിയ ഭൂമിക്ക് പകരം ഭൂമി ലഭിച്ചതായി സമസത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാനുഷിക പരിഗണന വച്ചുകൊണ്ടാണ് അന്ന് ഭൂമി നൽകിയത്. മലപ്പുറത്തുള്ള എന്റെ വീട്ടിൽ കലക്ടറും മറ്റ് ഉദ്യോഗസ്ഥരും വന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ തെക്കില്‍ വില്ലേജില്‍ 4.12 ഏക്കര്‍ വഖഫ് ചെയ്ത ഭൂമി സർക്കാറിന് കൈമാറിയത് -ജിഫ്രി തങ്ങൾ പറഞ്ഞു.
അന്ന് തങ്ങളെ വിമർശിച്ചവരും കുറ്റപ്പെടുത്തിയവരും ഉണ്ടായിരുന്നു, പത്രങ്ങളും മാധ്യമങ്ങളും ഉൾപ്പടെ. വിമർശകർക്കുള്ള മറുപടി ഭൂമി തിരികെ ലഭിച്ചാൽ വാർത്ത സമ്മേളനം വിളിച്ചുചേർത്ത് പറയും എന്ന് അന്ന് പറഞ്ഞതാണ്. അതുകൊണ്ടാണ് മാധ്യമങ്ങളോട് ഇക്കാര്യം പറയുന്നത് -അദ്ദേഹം വ്യക്തമാക്കി.
മൂന്നുവർഷം മുമ്പാണ് സർക്കാറിന് ഭൂമി നൽകിയത്. തിരികെ നൽകാൻ സർക്കാർ നടപടി ക്രമങ്ങൾ ധാരാളമുണ്ടാകും. മന്ത്രിസഭ പാസാക്കി, ബന്ധപ്പെട്ട തലങ്ങളിലൂടെ കടന്നുവരണം. അങ്ങനെ ഭൂമിയുടെ പട്ടയം രണ്ടാഴ്ച മുമ്പ് ലഭിച്ചതായും ജിഫ്രി തങ്ങൾ പറഞ്ഞു.
കാസർകോട്: ചട്ടഞ്ചാൽ മലബാർ ഇസ്‍ലാമിക് കോംപ്ലക്സിന്റെ (എം.ഐ.സി) 30ാം വാർഷിക സനദ് ദാന മഹാസമ്മേളനം 2023 ഡിസംബർ 22, 23, 24 ദിവസങ്ങളിൽ എം.ഐ.സി കാമ്പസിൽ നടക്കുമെന്ന് ഇസ്‍ലാമിക് കോംപ്ലെക്സ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2022 ഡിസംബറിൽ ആരംഭിച്ച ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷികാഘോഷങ്ങളുടെ സമാപനമാണ് അടുത്ത മാസം നടക്കുന്നത്. ചടങ്ങിൽ എം.ഐ.സി സ്ഥാപനങ്ങളായ ദാറുൽ ഇർശാദ് അക്കാദമി, അർദൂൽ ഉലും ദഅ്‍വ കോളജ്, തഹ്ഫീളുൽ ഖുർആൻ കോളജ് എന്നിവടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ 238 പണ്ഡിതൻമാർക്ക് ബിരുദം നൽകും.
സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ പെരുമ്പട്ട, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കള്ളാർ, പരപ്പ. ഉദുമ, ചെർക്കള, കാസർകോട്, ചട്ടഞ്ചാൽ, ബദിയടുക്ക, മുള്ളേരിയ, കുമ്പള, മഞ്ചേശ്വരം തുടങ്ങിയ മേഖലാ സമ്മേളനങ്ങൾ നടക്കും. ഖത്തർ, കുവൈത്ത്, അജ്മാൻ, ഷാർജ, അബുദബി, ദുബായ്, ദമാം, കോബാർ തുടങ്ങിയ സ്ഥലങ്ങളിൽ ഗൾഫ് സംഗമങ്ങൾ സംഘടിപ്പിക്കും.
സമ്മേളനത്തിന്റെ പ്രചരണാർഥം ഡിസംബർ 8, 9, 10 തീയ്യതികളിൽ ജില്ലയിലെ തെക്കൻ മേഖലകളിലും ഡിസംബർ 15, 16, 17 തീയ്യതികളിൽ വടക്കൻ മേഖലകളിലും പ്രചരണ യാത്രകൾ നടക്കും. എജുക്കേഷൻ കോൺക്ലേവ്, ലീഡേഴ്സ് സമ്മിറ്റ്, അഹ്‍ലുസ്സുന്ന കോൺഫറൻസ്, സിമ്പോസിയം, ഇശ്ഖ്ജൽസ, അലുമ്നി മീറ്റ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. സമാപന സമ്മേളനത്തിൽ വിദേശ പ്രതിനിധികൾ ഉൾപ്പടെ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, യു.എം. അബ്ദുറഹ്മാൻ മൗലവി, ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, സി.കെ.കെ. മാണിയൂർ, അബ്ദുല്ല ഹാജി ബേർക്ക, അഡ്വ. ഹനീഫ് ഹുദവി, ടി.ഡി. കബീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.