കോഴിക്കോട്: സമസ്തയുടെ രാഷ്ട്രീയ നയത്തിൽ ഒരു മാറ്റവുമില്ലെന്ന് പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്‍ലിം ലീഗുമായി സമസ്തക്ക് പിണക്കമില്ല. സമസ്തയോട് സഹകരിക്കുന്നവരോട് നല്ല സമീപനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് നടന്ന സമസ്തകേരള ജംഇയത്തുൽ ഉലമ മുശാവറ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ പങ്കെടുക്കുന്നതില്‍ നിന്ന് സമസ്ത നേതാക്കളെ മുസ്‍ലിം ലീഗ് വിലക്കിയതായ റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. മുസ്‍ലിം ലീഗിന് അങ്ങനെ സമസ്തയെ നിയന്ത്രിക്കാനാവില്ല. ലീഗ് അവരുടെ ആളുകളെ നിയന്ത്രിക്കും. സമസ്ത സമസ്തയുടെ ആളുകളെയും നിയന്ത്രിക്കും.
വെൽെഫയർപാർട്ടി ലീഗ് ബന്ധത്തെ കുറിച്ച് ഉമർഫൈസി പറഞ്ഞത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. കുട്ടികൾ പലതും പറയും. സമസ്തയുടെ അഭിപ്രായം പ്രസിഡേൻറാ സെക്രട്ടറിയോ പറയുന്നതാണ്. വെൽഫെയർപാർട്ടി ഒരു രാഷ്ട്രീയപാർട്ടിയാണ്. മത സംഘടനയല്ല. രാഷ്ട്രീയപാർട്ടികൾ എങ്ങനെ സഹകരിക്കണമെന്ന് അവർ തീരുമാനിക്കും.
അതിൽ സമസ്ത ഇടപെടില്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. സമസ്ത മുശാവറ അംഗവും ഫത്‌വ കമ്മിറ്റി അംഗവുമായിരുന്ന നിറമരുതൂര്‍ എ. മരക്കാര്‍ മുസ്‌ലിയാരുടെ നിര്യാണം മൂലം ഒഴിവുവന്ന സ്ഥാനത്തേക്ക് കാടേരി മുഹമ്മദ് മുസ്‌ലിയാരെ തെരഞ്ഞെടുത്തു.
യോഗം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാര്‍, ഒ. മുഹമ്മദ് എന്ന കുട്ടി മുസ്‌ലിയാര്‍, എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.