തിരുവനന്തപുരം: കേരളത്തിൽ മതംമാറ്റി 32,000 സ്ത്രീകളെ ഇസ്‌ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കി വിദേശത്തേക്കു കയറ്റിയയച്ചുവെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്ന 'ദ കേരള സ്റ്റോറി' സിനിമക്കെതിരെ അടിയന്തരനടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ എന്നിവർക്ക് കത്തെഴുതി. സിനിമയുടെ വിദ്വേഷം പ്രചരിപ്പിക്കുന്ന ടീസർ പുറത്തുവന്ന പശ്ചാത്തലത്തിലാണ് കത്തെഴുതിയത്.
കുപ്രസിദ്ധി നേടിയ ഹിന്ദുത്വ സാമൂഹികമാധ്യമ അക്കൗണ്ടുകൾ വിദ്വേഷം വമിപ്പിക്കുന്ന ഈ ടീസർ ആഘോഷപൂർവ്വമാണ് പങ്കുവച്ചുകൊണ്ടിരിക്കുന്നതെന്ന് എം.പി ചൂണ്ടിക്കാട്ടി. സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഈ വ്യാജവാർത്ത കാട്ടുതീപോലെ പ്രചരിപ്പിക്കുന്നത് കേരളത്തെ അവഹേളിക്കാൻ വേണ്ടിമാത്രമല്ല, മറിച്ച് സമുദായങ്ങൾക്കിടയിൽ സ്പർധയും സംഘർഷവും സൃഷ്ടിക്കാൻ ലക്ഷ്യംവച്ചുകൂടിയാണ്. ഇത്തരത്തിലുള്ള വിസ്ഫോടനകരമായ വ്യാജകഥകൾ നമ്മുടെ മതനിരപേക്ഷതയ്ക്കും ദേശീയ ഐക്യത്തിനും സൃഷ്ടിക്കുന്ന ആഘാതം കടുത്തതായിരിക്കും -കത്തിൽ വ്യക്തമാക്കി.
ഭരണഘടന വിഭാവനംചെയ്യുന്ന ആവിഷ്കാര സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സംരക്ഷിക്കേണ്ടതാണ്. എന്നാൽ, ആവിഷ്കാരത്തിന്റെ പേരിൽ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിനെ തടയുന്ന ഒട്ടേറെ വകുപ്പുകൾ നമ്മുടെ ശിക്ഷാനിയമത്തിലുണ്ട്. ഈ സിനിമ, ടീസറിലുള്ളതുപോലെയാണെങ്കിൽ, ഈ വകുപ്പുകളുടെ നഗ്നമായ ലംഘനമാണെന്ന് കണ്ണുംപൂട്ടിപ്പറയാനാകും. ഐ.എസിനെക്കുറിച്ചും പുറത്തേക്കുപോയവരെക്കുറിച്ചുമൊക്കെ ഒട്ടേറെ ചോദ്യങ്ങൾ പാർലമെന്റിൽ മുറതെറ്റാതെ വരുന്നതാണ്. അമിത് ഷാ നയിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നേവരെ ഈ സിനിമാ ടീസറിൽ പറയുന്ന കണക്കുകളോട് വിദൂരബന്ധമുള്ള സാധൂകരണംപോലും വെളിപ്പെടുത്തിയിട്ടില്ലെന്ന് എം.പി പറഞ്ഞു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം സ്വീകരിക്കുന്ന പൊതുസമീപനമാണിത്. കേരളത്തിൽ ആരും ബിജെപിയുടെ ചാക്കിൽക്കയറാൻ തയ്യാറാകാത്തതുകൊണ്ടുതന്നെ അട്ടിമറിക്കാനോ ഭരണംപിടിക്കാനോ കഴിയില്ലെന്ന് അവർക്കുതന്നെ ബോധ്യമായിട്ടുണ്ട്. ഇതിന്റെ പരിണതഫലമായിട്ടാണ് ഗവർണറെ അവതാരപുരുഷനായി രംഗത്തിറക്കിയിരിക്കുന്നത്. ഇതുമാത്രം പോരാ എന്നതുകൊണ്ടാണ് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള നിരന്തരശ്രമങ്ങൾ ബിജെപി കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്നത് . സംസ്ഥാനത്തിന്റെ നേട്ടങ്ങളൊക്കെ തമസ്കരിച്ച് വളരെ സൂക്ഷ്മമായ കാര്യങ്ങളെപ്പോലും പർവ്വതീകരിച്ചും നുണകൾ നിർമ്മിച്ചും ഇത് അഭംഗുരം മുന്നോട്ടുപോവുകയാണ്.
അസ്ഥിരപ്പെടുത്തുക, അത് സാധ്യമല്ലെങ്കിൽ, തടസ്സങ്ങളുണ്ടാക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുക എന്ന പൊതുസമീപനമാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിൽ ആരും ബി.ജെ.പിയുടെ ചാക്കിൽക്കയറാൻ തയ്യാറാകാത്തതുകൊണ്ടുതന്നെ അട്ടിമറിക്കാനോ ഭരണംപിടിക്കാനോ കഴിയില്ലെന്ന് അവർക്കുതന്നെ ബോധ്യമായിട്ടുണ്ട്. ഇതിന്റെ പരിണതഫലമായിട്ടാണ് ഗവർണറെ അവതാരപുരുഷനായി രംഗത്തിറക്കിയിരിക്കുന്നത്. ഇതുമാത്രം പോരാ എന്നതുകൊണ്ടാണ് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള നിരന്തരശ്രമങ്ങൾ ബി.ജെ.പി കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്നത്. സംസ്ഥാനത്തിന്റെ നേട്ടങ്ങളൊക്കെ തമസ്കരിച്ച് വളരെ സൂക്ഷ്മമായ കാര്യങ്ങളെപ്പോലും പർവ്വതീകരിച്ചും നുണകൾ നിർമിച്ചും ഇത് അഭംഗുരം മുന്നോട്ടുപോവുകയാണ്.
ഉത്തർപ്രദേശിലെ സർവകലാശാലകളെക്കുറിച്ചു പറഞ്ഞതിനാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലനിലുള്ള 'പ്രീതി' പിൻവലിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുതിർന്നത്. എന്നാൽ, ഒരു സംസ്ഥാനത്തെ അവഹേളിക്കാനും വർഗ്ഗീയസംഘർഷങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യംവച്ചുകൊണ്ടുള്ള 'ദ കേരള സ്റ്റോറി'യെക്കുറിച്ചൊന്നും ഗവർണർക്ക് മിണ്ടാട്ടമില്ലെന്നും ജോൺ ബ്രിട്ടാസ് എം.പി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.