ആർച് ബിഷപ് പാംബ്ലാനി

ആർച് ബിഷപ് പാംബ്ലാനി ക്രൈസ്തവ സമൂഹത്തിന് അപമാനം -ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

കൊച്ചി: റബർ വില ഉയര്‍ത്താനായിപ്പോലും വോട്ടുകച്ചവടത്തിന്​ തയാറാണെന്ന​ ആർച് ബിഷപ് പാംബ്ലാനിയുടെ പ്രസ്താവന രാജ്യത്തിന്‍റെ മതേതര സ്വഭാവത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതാണെന്ന് ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന സമിതി. ഇതില്‍ കെ.സി.ബി.സിയും ഇതര ക്രൈസ്തവ മതമേലധ്യക്ഷരും നിലപാട് വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ജനപ്രതിനിധികള്‍ക്കും കത്തോലിക്ക സമൂഹത്തിനും വിലയിട്ട്, ഇദ്ദേഹം ആദ്യം നടത്തിയ പ്രസ്താവന നാവുപിഴയായി കണക്കാക്കി പലരും തിരുത്തല്‍ ആവശ്യപ്പെട്ട സന്ദര്‍ഭത്തില്‍ അത്​ ആവര്‍ത്തിച്ച ബിഷപ് പാംബ്ലാനി ക്രൈസ്തവ സമൂഹത്തിന് ഒന്നടങ്കം അപമാനം വരുത്തിയിരിക്കുകയാണ്. ഒരു കാര്‍ഷിക ഉല്‍പന്നത്തിന്‍റെ വില വര്‍ധിപ്പിക്കാൻ വര്‍ഗശത്രുക്കളുമായി വോട്ടുകച്ചവടത്തിന്​ തയാറായ ഇദ്ദേഹം ഭാവിയിൽ കൂടുതല്‍ മെച്ചപ്പെട്ട വാഗ്ദാനങ്ങള്‍ക്കായി വിശ്വാസ സത്യത്തെപ്പോലും തള്ളിപ്പറയാന്‍ മടിക്കില്ല. ക്രൈസ്തവ സമൂഹത്തിനെതിരെ രാജ്യമെമ്പാടും ആക്രമണം അഴിച്ചുവിടുകയും ദേവാലയങ്ങള്‍ അഗ്​നിക്കിരയാക്കുകയും ചെയ്യുന്നതൊക്കെ മറന്ന് ഇത്തരം നിലപാടുകളുമായി വരുന്നവരെ നിലക്ക്​ നിർത്താന്‍ സഭാനേതൃത്വത്തിന് കഴിഞ്ഞില്ലെങ്കില്‍ തെരുവില്‍ തടയേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ്​ നൽകി.

പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ജോസഫ് വെളിവില്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, ആ​ന്‍റോ കൊക്കാട്ട്, എന്‍.ജെ. മാത്യു, ലോനപ്പന്‍ കോനുപറമ്പന്‍, അഡ്വ. ഹോര്‍മിസ് തരകന്‍, സ്റ്റാന്‍ലി പൗലോസ്, ലോനന്‍ ജോയ്, ജോസ് മേനാച്ചേരി, ജോര്‍ജ് കട്ടിക്കാരന്‍, അഡ്വ. എബനേസര്‍ ചുള്ളിക്കാട്ട്, ജോസഫ് സയണ്‍, പി.ജെ. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - joint christian council against archbishop pamplany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.