കോഴിക്കോട്: നാടിനെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലയിൽ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളിയെ അറസ്റ്റ് ചെയ്തിട്ട് ഒരു വർഷമായെങ്കിലും കേസുകളിൽ പ്രാരംഭ വിചാരണ നടപടികൾ വൈകിയേക്കും. റോയ് തോമസ്, സിലി വധക്കേസുകളിലാണ് നടപടികൾക്ക് തുടക്കമിട്ടിരുന്നത്. എന്നാൽ, കൊല്ലപ്പെട്ട ടോം തോമസിെൻറ പേരിൽ വ്യാജ ഒസ്യത്തുണ്ടാക്കിയ സംഭവത്തിൽ പ്രതിയായിരുന്ന നോട്ടറി അഭിഭാഷകൻ കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം വന്ന ശേഷമാകും വിചാരണ നടപടികൾ തുടങ്ങുക.
കൂടത്തായി പൊന്നാമറ്റം വീട്ടിൽ ജോളിയെ കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് അറസ്റ്റ് ചെയ്തത്. കൂടത്തായി ലൂർദ്മാതാ പള്ളി സെമിത്തേരിയിലെ നാലും കോടഞ്ചേരി സെൻറ് മേരീസ് പള്ളിയിലെ ഒരു കല്ലറയും തുറന്നതിനു പിന്നാലെയായിരുന്നു അറസ്റ്റ്. തുടർന്നാണ് ആറു മരണങ്ങളുടെ കാരണം ഓരോന്നായി പുറത്തുവന്നത്. ആദ്യ ഭർത്താവ് റോയ് തോമസ്, ഭർതൃപിതാവ് ടോം തോമസ്, ഭർത്താവിെൻറ മാതാവ് അന്നമ്മ, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിെൻറ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യൻ, മകൾ ഒന്നര വയസ്സുകാരി ആൽഫൈൻ എന്നിവരുടെ മരണത്തിലാണ് ജോളിയുടെ മുഖ്യ പങ്ക് വ്യക്തമായത്.
റൂറൽ എസ്.പിയായിരുന്ന കെ.ജെ. സൈമണിെൻറ നേതൃത്വത്തിൽ ഡിവൈ.എസ്.പി ആർ. ഹരിദാസായിരുന്നു അന്വേഷണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. അന്നമ്മ വധക്കേസിൽ ജോളി മാത്രമാണ് പ്രതി. മറ്റു കേസുകളിൽ എം.എസ്. മാത്യു, പ്രജികുമാർ എന്നിവരും പ്രതികളാണ്. വ്യാജ ഒസ്യത്ത് കേസിൽ നോട്ടറി അഭിഭാഷകനൊപ്പം സി.പി.എം കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി കെ. മനോജും പ്രതികളാണ്. ജോളി ജില്ല ജയിലിൽ കഴിയുകയാണ്.
കോവിഡ് വ്യാപനമായതിനാൽ വിഡിയോ കോൺഫറൻസ് വഴിയാകും വിചാരണ തുടങ്ങുക. ആറു കേസുകളിലെയും വിചാരണ പൂർത്തിയാക്കാൻ മാസങ്ങളെടുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.