ജോമോൻ മറഞ്ഞു, നാലുപേരിൽ തുടിക്കുന്ന ജീവനായി

പയ്യന്നൂർ: കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന കടന്നപ്പള്ളി പുത്തൂർകുന്നിലെ ഇടച്ചേരിയൻ ഹൗസിൽ ജോമോൻ ജോസഫിനു (24) വേണ്ടിയുള്ള വീട്ടുകാരുടെയും നാടിന്റെയും പ്രാർഥന വിഫലം. കണ്ണൂർ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന ജോമോന്റെ ജീവൻ രക്ഷിക്കാൻ വൈദ്യശാസ്ത്രത്തിന് സാധിച്ചില്ലെങ്കിലും നാലു സഹജീവികൾക്ക് പുതിയ ജീവിതം നൽകിയാണ് ആ യുവാവ് വിടവാങ്ങിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് തളിപ്പറമ്പ് കുറ്റിക്കോലിൽ ജോമോനും സുഹൃത്ത് ശ്രീരാജും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. ഗുരുതര പരിക്കേറ്റ ഇരുവരെയും കണ്ണൂർ ശ്രീചന്ദ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ജോമോന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ അവയവദാനത്തിനുള്ള സാധ്യത ജോമോന്റെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

മരണശേഷവും നാലു പേരിലൂടെ മകൻ ജീവിക്കുന്നതിന്റെ നന്മ തിരിച്ചറിഞ്ഞ ജോമോന്റെ പിതാവ് ഇടച്ചേരിയൻ ബേബി ആന്റണിയും മാതാവ് ഗവ. ആയുർവേദ കോളജ് ജീവനക്കാരിയായ ജോയ്‌സി ആന്റണിയും അവയവദാനത്തിന് സമ്മതമറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതർ മൃതസഞ്ജീവനിയിൽ ബന്ധപ്പെടുകയും പെട്ടെന്നുതന്നെ അവയവങ്ങൾ എടുക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. കരള്‍, രണ്ടു വൃക്കകള്‍, ഹൃദയം എന്നിവയാണ് ദാനംചെയ്തത്. ഇവ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്കാണ് മാറ്റിയത്.

യൂറോപ്പ് മാൾട്ടയിൽ ജോലി ചെയ്യുന്ന ഏക സഹോദരൻ ജെനിൽ മാത്യു നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച വൈകീട്ട് 4.30ന് പരിയാരം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും. സുഹൃത്ത് ബുധനാഴ്ച ആശുപത്രി വിട്ടു.

Tags:    
News Summary - Jomon became the throbbing life of the four

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.