ജോസ് കെ. മാണി എം.പി സ്ഥാനം രാജിവെച്ചേക്കും; പകരം പാലാ സീറ്റ്

കോട്ടയം: ഇടതു മുന്നണി പ്രവേശനത്തിന് മുന്നോടിയായി ജോസ് കെ. മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. പാലാ നിയമസഭ സീറ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള വിട്ടുവീഴ്ചയുടെ ഭാഗമായാണ് പുതിയ നീക്കം. നിലവിലെ പാലാ സീറ്റ് കൈവശം വെക്കുന്ന എൻ.സി.പിക്ക് പകരം രാജ്യസഭാ സീറ്റ് നൽകി പിന്തുണ ഉറപ്പിക്കാനാണ് ജോസ് കെ. മാണിയുടെ ശ്രമമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അന്തരിച്ച പാർട്ടി ചെയർമാൻ കെ.എം മാണിയുടെ തട്ടകമായിരുന്ന പാലാ സീറ്റ് തിരിച്ചു പിടിക്കുക എന്നതാണ് ജോസ് കെ. മാണിയുടെ ലക്ഷ്യം. ഇക്കാര്യം ഇന്ന് ചേരുന്ന സ്റ്റീയറിങ് കമ്മിറ്റി യോഗത്തിൽ ജോസ് അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ എൻ.സി.പി സ്ഥാനാർഥി മാണി സി. കാപ്പൻ അട്ടിമിറി വിജയം നേടിയിരുന്നു.

അതേസമയം, രാജ്യസഭാ സീറ്റ് രാജിവെക്കുമെന്ന വാർത്ത നിഷേധിച്ച് റോഷി അഗസ്റ്റിൻ എം.എൽ.എ രംഗത്തെത്തി. എം.പി സ്ഥാനം രാജിവെക്കേണ്ട അവസ്ഥ നിലവിലില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. വാർത്ത വാസ്തവ വിരുദ്ധമാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

ബാർ കോഴ വിവാദത്തിന് പിന്നാലെ യു.ഡി.എഫ് വിട്ട കേരളാ കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്‍റെ ഭാഗാമായാണ് കോൺഗ്രസ് തങ്ങളുടെ രാജ്യസഭാ സീറ്റ് കെ.എം മാണിക്ക് നൽകിയത്. തുടർന്ന് കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കിനിൽകെ ലോക്സഭാ എം.പിയായിരുന്ന ജോസ് കെ. മാണി തൽസ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് മൽസരിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.