തിരുവനന്തപുരം: ജോസ് കെ. മാണിയുടെ ലവ് ജിഹാദ് ആരോപണം അധാർമികമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ. അദ്ദേഹം ചെന്നുപെട്ടിട്ടുള്ളത് എന്തും പറയാൻ മടിക്കാത്ത താവളത്തിലാണ്. ആ താവളത്തിൽ വന്നുചേർന്നതിന്‍റെ ദുർലക്ഷണമാണ് അദ്ദേഹം പറഞ്ഞത് -ജോസ് കെ. മാണിയുടെ ലവ് ജിഹാദ് ആരോപണം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ജോസ് പറഞ്ഞത് ഞാൻ കേട്ടിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ, കേരളത്തെ പോലെ നന്മനിറഞ്ഞ നാട്ടിൽ ഇത്തരം പ്രയോഗങ്ങൾ തന്നെ നടത്തുന്നത് അധാർമികമാണ്. രാഷ്ട്രീയ സദാചാരത്തിന്‍റെ ലംഘനമാണ്. അങ്ങനെ പറഞ്ഞുവെങ്കിൽ അത് ഖേദമുള്ള കാര്യമാണ്. പറയാൻ പാടില്ലായിരുന്നു. ഇടതുപക്ഷം അപചയത്തിലാണ്. ഈ നാട്ടിന്‍റെ നന്മ തകർക്കുന്ന തരത്തിലുള്ള വർത്തമാനവും പ്രസ്താവനയുമാണ് ഇടതുപക്ഷത്തിൽനിന്ന് വന്നുെകാണ്ടിരിക്കുന്നത്. ഫാഷിസ്റ്റ് ശക്തികളും മാർക്സിസ്റ്റുകാരും തമ്മിൽ രഹസ്യധാരണയുണ്ട്. സി.പി.എം -ബിജെ.പി അവിശുദ്ധ കൂട്ടുകെട്ടിന്റെ ബഹിർസ്ഫുരണങ്ങളാണ് നമ്മൾ കണ്ടുെകാണ്ടിരിക്കുന്നത്' - ഇ.ടി അഭിപ്രായപ്പെട്ടു.
ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കണമെന്നായിരുന്നു ജോസ് കെ. മാണി ചാനൽ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്. 'ലവ് ജിഹാദ് എന്ന പ്രശ്നം പരിശോധിക്കണം. അതിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അഡ്രസ് ചെയ്യണം. വിഷയം വീണ്ടും ജനസമൂഹത്തിൽ വന്നിട്ടുണ്ടെങ്കിൽ അതെന്തുകൊണ്ടാണെന്ന് പഠിക്കണം. സഭ ഇത്തരം വിഷയത്തിൽ ഇടപെടാറില്ല. പൊതുസമൂഹത്തിൽ വിഷയം ഉയർന്നുവരുന്നുണ്ട്. വിഷയം ഉണ്ടോ ഇല്ലയോ എന്ന സംശയം ദുരീകരിക്കണം' -ജോസ് കെ.മാണി പറഞ്ഞു.
ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേ എന്ന ചോദ്യത്തിന് വിഷയം വീണ്ടും ചർച്ചയാകുന്നതിനാൽ പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു ജോസിന്‍റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.