കേരളത്തെ ജനവാസ യോഗ്യമായി നിലനിർത്തുകയെന്നതാണ് ഭാവിയിലേക്കുള്ള വികസനമെന്ന് ജോസഫ് സി. മാത്യു

തിരുവനന്തപുരം:കേരളത്തെ ജനവാസ യോഗ്യമായി നിലനിർത്തുകയെന്നതാണ് ഭാവിയിലേക്കുള്ള വികസനമെന്ന് രാഷ്ട്രീയ-സാമൂഹിക നിരീക്ഷകനായ ജോസഫ് സി. മാത്യു. സിൽവർ ലൈൻ വിരുദ്ധ രണ്ടാംഘട്ട സമരപരിപാടിയായ നിയമസഭാമാർച്ചിന് മുന്നോടിയായി ഒരുകോടി ഒപ്പ് സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്ലമ്പലം ജംഗ്ഷനിൽ നിർവഹിക്കുകയായരുന്നു അദ്ദേഹം.

കേരളത്തെ ജനവാസയോഗ്യമാക്കി നിലനിർത്തുന്നതാണ് വികസനമെന്നും സിൽവർ ലൈൻ, കേരളത്തിന്റെ സവിശേഷമായ പരിസ്ഥിതിക വ്യൂഹത്തെ തകർക്കുന്നതും സാമാന്യജനങ്ങൾക്ക്‌ യാതൊരുഗുണവും ഉണ്ടാകാത്ത പദ്ധതിയാണിത്. പശ്ചിമഘട്ടം മുതൽ തീരം വരെ നിരന്തര പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിടുന്ന കേരളത്തെ ജനവാസയോഗ്യമായി നിലനിർത്തുകയെന്നതാണ് ഭാവിയിലേക്കുള്ള വികസനമെന്നും ദീർഘദർശനമില്ലാത്ത വികസനം ദുരന്തങ്ങൾ സൃഷ്ടിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഉത്തരാഖണ്ഡിലെ ജ്യോഷിമഠ് എന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ മുഖ്യ പ്രസംഗം നടത്തി. നിലവിൽ നാലു ലക്ഷം കോടിയിലധികം രൂപയുടെ കടത്തിൽ നിൽക്കുന്ന കേരളത്തിന് കെ റെയിലിന്റെ പേരിൽ മറ്റൊരു രണ്ടുലക്ഷം കോടിയുടെകൂടി അധികബാധ്യത വരുത്തിവയ്ക്കുന്നതിൽ നിന്നും രക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സമര സമിതി സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ് സമര പ്രഖ്യാപനം നടത്തി. സംസ്ഥാന ജനറൽ കൺവീനർ എസ് .രാജീവൻ, രക്ഷാധികാരി കെ ശൈവപ്രസാദ്, വിവിധ രാഷ്ട്രീയ- സാമൂഹിക- സംഘടനാ നേതാക്കൾ സംസാരിച്ചു. ജില്ലയിലെ മുപ്പത്തിലധികം സമര സമിതി യൂണിറ്റിലെ പ്രവർത്തകരും നാട്ടുകാരും യോഗത്തിൽ പങ്കെടുത്തു. സമ്മേളനത്തിന് മുമ്പ് കല്ലമ്പലം നഗരത്തിൽ പ്രകടനം നടത്തി.

Tags:    
News Summary - Joseph C. Mathew said that the development for the future is to keep Kerala habitable.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.