കോഴിക്കോട്: കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവായ ഷെജിനും ജോയ്‍സ്നയും തമ്മിലുള്ള മിശ്രവിവാഹം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ജോയ്സ്നയുടെ പിതാവ് ജോസഫ്. സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അല്ലെങ്കിൽ എൻ.ഐ.എ അന്വേഷിക്കണമെന്നും പിതാവ് പറഞ്ഞു.
ജോയ്‍സ്നയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയതായും ജോസഫ് വ്യക്തമാക്കി.
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് ലവ് ജിഹാദ് ആരോപണം ഉന്നയിച്ചതോടെയാണ് കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവായ ഷെജിനും ജോയ്‍സ്നയും തമ്മിലുള്ള വിവാഹം വിവാദമായത്. ശനിയാഴ്ച വൈകീട്ടാണ് ജോയ്സ്ന ഷെജിനൊപ്പം പോയത്. പിന്നാലെ രജിസ്റ്റര്‍ വിവാഹവും നടന്നു. വിവാഹത്തിനെതിരെ ക്രിസ്ത്യന്‍ പുരോഹിതരും സംഘടനകളുമാണ് ആദ്യം രംഗത്തുവന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വികാരിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നു. എന്നാൽ, സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനെ വിവാഹം കഴിച്ചതെന്ന് ജോയ്സ്ന കോടതിയിൽ പറഞ്ഞു.
എന്നാൽ, ജോര്‍ജ് എം തോമസിനെ തള്ളിപ്പറഞ്ഞ സി.പി.എം മിശ്രവിവാഹത്തെ പിന്തുണച്ച് രംഗത്തെത്തി. വിവാഹത്തില്‍ അസ്വാഭാവികതയില്ലെന്നും ലവ് ജിഹാദില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം മോഹനന്‍ പ്രതികരിച്ചു. ലവ് ജിഹാദ് പരാമർശത്തിൽ ജോർജ് എം തോമസിന് പിഴവ് പറ്റിയതായും സി.പി.എം വ്യക്തമാക്കി.
അതിനിടെ പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കുന്നത് കോൺഗ്രസ് ഒഴിവാക്കി. പാർട്ടി നേരിട്ട് ഇടപെടേണ്ട സാഹചര്യമില്ലെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കാനായിരുന്നു നേരത്ത തീരുമാനിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.